എ കെ ജി സെന്ററിനു നേരേ ബോംബെറിഞ്ഞ സംഭവത്തിൽ അന്വേഷണമാരംഭിച്ചു. തിരുവനന്തപുരം ഡി സി ആർ ബി അസി. കമീഷണർ ജെ കെ ദിനിലിന്റെ നേതൃത്വത്തിലുള്ള പതിനാലംഗ പ്രത്യേക സംഘമാണ് കേസന്വേഷി ക്കുന്നത്. ഡി സി പി ഡോ. എ നസീമിനാണ് അന്വേഷണ മേൽ നോട്ട ച്ചുമതല. എ കെ ജി സെന്റർ ജീവന ക്കാരന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
കുന്നുകുഴി ഭാഗത്തുനിന്ന് നമ്പർ തിരിച്ചറിയാത്ത സ്കൂട്ടറിലെത്തിയ അക്രമി സ്ഫോടകവസ്തു വലിച്ചെറിയുക യായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു.
എ കെ ജി ഹാളിലേക്കുള്ള ഗേറ്റിനടുത്തുനിന്നാണ് ബോംബെറിഞ്ഞത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 436, സ്ഫോടകവസ്തു നിയമത്തിലെ മൂന്ന് എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ബോംബെറിഞ്ഞ് മടങ്ങുന്ന ദൃശ്യം എ കെ ജി സെന്ററിലെ സിസിടിവിയിലുണ്ട്. ഇതടക്കം പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമി സഞ്ചരിച്ച വാഹനം കണ്ടെത്താനാണ് ആദ്യശ്രമം. ശേഖരിച്ച ദൃശ്യങ്ങളിൽ സ്കൂട്ടറിന്റെ നമ്പർ വ്യക്തമല്ല. അക്രമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന അന്വേഷണവും നടത്തുന്നുണ്ട്.