ആലപ്പുഴ : കായംകുളം വീടുകളും കടകളും കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന മൂന്നംഗ സംഘ ത്തെ അറസ്റ്റ് ചെയ്തു.
കൊല്ലം കൊറ്റങ്കര വില്ലേജില്‍ മാമ്പുഴ ഭാഗത്ത് ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപം ശ്യാം നിവാസ് വീട്ടില്‍ നിന്ന് കായംകുളം പത്തിയൂര്‍ കോട്ടൂര്‍ വടക്കതില്‍ വീട്ടില്‍ താമസിച്ചു വരുന്ന ശ്യാം (37), കൊല്ലം അഞ്ചാലുംമൂട് കുപ്പണ ക്ഷേത്രത്തിന് സമീപം പ്രീതി വിലാസം വീട്ടില്‍ നിന്ന് കൃഷ്ണപുരം വില്ലേജില്‍ കൃഷ്ണപുരം മുറിയില്‍ കൃഷ്ണവിലാസം വീട്ടില്‍ താമസിക്കുന്ന അശോകൻ (40), തിരുവനന്തപുരം ചിറയിൻകീഴ് മണനാക്ക് വില്ലേജില്‍ മലമേല്‍ ക്ഷേത്രത്തിന് സമീപം മലവി പൊയ്കയില്‍ വീട്ടില്‍ അനില്‍കുമാര്‍ (42) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
രാത്രികാല പട്രോളിംഗിനിടെ ബൈക്കില്‍ സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട മൂവര്‍ സംഘത്തിന്റെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ നിന്ന്കണ്ടെത്തിയ ബാറ്ററി, ചാര്‍ജര്‍, സിഗററ്റ്, ലോട്ടറി ടിക്കറ്റ് എന്നിവയെപ്പറ്റി ചോദ്യം ചെയ്തതില്‍ നിന്നുമാണ് മോഷണ വിവരം പുറത്തായത്. പെരിങ്ങാല വില്ലേജില്‍ നടക്കാവ് മുറിയില്‍ വിജയന്റെ കടയില്‍ നിന്ന് മോഷ്ടിച്ച 6000 രൂപയുടെ സാധനങ്ങളാണ് സഞ്ചിയില്‍ നിന്ന് കണ്ടെടുത്തത്.
ഭരണിക്കാവ് വില്ലേജില്‍ കട്ടച്ചിറ മുറിയില്‍ തിരുവിയ്ക്കല്‍ കുറ്റിയില്‍ വീട്ടിലെ പൂജാമുറിയില്‍ നിന്ന് വിഗ്രഹങ്ങളും വിളക്കുകളും മൊന്തയും താലങ്ങളും ഉള്‍പ്പെടെ 25000 രൂപ വില വരുന്ന സാധനങ്ങള്‍ കവര്‍ന്നതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്ത പ്രതികളെ ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കൂടുതല്‍ മോഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കായംകുളം സി.ഐ അറിയിച്ചു. കായംകുളം ഡി വൈ.എസ്.പി. അജയനാഥിന്റെ നേതൃത്വത്തില്‍ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാര്‍, എസ്.ഐ നിയാസ്, എ.എസ്.ഐ. അമീര്‍ ഖാൻ, സാബു മാത്യു, പൊലീസുകാരായ ജയകൃഷ്ണൻ, റിന്റിത്ത്, റജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികള പിടികൂടിയത്.