വനിതാവല്‍ക്കരണ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ 25,000 റിയാല്‍ പിഴ.

177

മനാമ : സൗദിയില്‍ വനിതാവല്‍ക്കരണ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ വന്‍ പിഴ ചുമത്താന്‍ തീരുമാനം. നിയമ ലംഘര്‍ക്കെതിരെ 25,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍റാജ്ഹി അറിയിച്ചു.നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ചാകും പിഴ. വനിതാ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച്‌ സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.

വനിതാ ജീവനക്കാര്‍ മാന്യമായി വസ്ത്രം ധരിക്കാതിരിക്കുകയും ഹിജാബ് വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍ തൊഴിലുടമകള്‍ക്ക് ആയിരം റിയാലാണ് പിഴ. രാത്രിയില്‍ നിരോധിത സമയങ്ങളില്‍ വനിതകളെ ജോലിക്കു വെക്കല്‍, വിശ്രമ സ്ഥലം ഒരുക്കാതിരിക്കല്‍ തുടങ്ങി വനിതകളുടെ തൊഴില്‍ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാതിരുന്നാല്‍ 5,000 റിയാല്‍ പിഴ ലഭിക്കും. ഹിജാബ് പാലിക്കല്‍ നിര്‍ബന്ധമാക്കുന്ന നിര്‍ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കാതിരുന്നാലും ഇതേ പിഴ ലഭിക്കും.

അപകടകരമായ തൊഴിലുകളില്‍ വനിതകളെ നിയമിച്ചാല്‍ 10,000 റിയാലാണ് പിഴ. അമ്ബതില്‍ കൂടുതല്‍ ജീവനക്കാരികളുള്ള സ്ഥാപനങ്ങളില്‍ കുട്ടികളുടെ പരിചരണത്തിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ 15,000 റിയാല്‍ പിഴ ചുമത്തും. സ്ത്രീപുരുഷന്മാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് പ്രത്യേകം വേര്‍തിരിച്ച വിഭാഗങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കു കൂടിയ പിഴയായ 25,000 റിയാലാണ് ചുമത്തുക.

NO COMMENTS