തിരുവനന്തപുരം : മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. പഞ്ചാബ്, കർണാടക, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒറീസ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കിൽ ഒരു പ്രത്യേക സ്റ്റേഷനിൽ നിന്നും 1200 യാത്രക്കാർ ആകുന്ന മുറയ്ക്കാണ് റെയിൽവെ സ്പെഷ്യൽ ട്രെയിൻ അനുവദിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ആവശ്യമെങ്കിൽ ഒരു സ്റ്റോപ്പുകൂടി അനുവദിക്കണമെന്ന് റെയിൽവേയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്പെഷ്യൽ ട്രെയിനിൽ യാത്രാ സൗകര്യം ഉറപ്പുവരുത്താൻ ആവശ്യമായ തയ്യാറെടുപ്പുകൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.
യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് registernorkaroots.org എന്ന സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് ടിക്കറ്റ് ചാർജ് ഓൺലൈനായി നൽകാം. ഇപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ട്രെയിൻ യാത്ര തീരുമാനിച്ചുകഴിഞ്ഞാൽ വിശദാംശങ്ങൾ ഫോൺ സന്ദേശമായി ലഭിക്കും. ഇത് സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനുള്ള പാസ്സായും കണക്കാക്കും.
വിദേശരാജ്യങ്ങളിൽ നിന്നും വിമാനയാത്രവഴിയും കപ്പൽ യാത്രവഴിയും ഇതുവരെയായി 5815 പേരാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിരിക്കുന്നത്. ജൂൺ രണ്ടു വരെ 38 വിമാനങ്ങൾ സംസ്ഥാനത്തേയ്ക്ക് വിദേശത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇയിൽ നിന്നും എട്ട് വിമാനങ്ങളും ഒമാനിൽ നിന്നും ആറ് വിമാനങ്ങളും സൗദി അറേബ്യയിൽ നിന്നും നാലു വിമാനങ്ങളും ഖത്തറിൽ നിന്നും മൂന്നും കുവൈറ്റിൽ നിന്നും രണ്ടും വിമാനങ്ങൾ കേരളത്തിലെത്തും.
വിദ്യാർത്ഥി തിരിച്ചറിയൽ കാർഡുകൾക്കുള്ള നോർക്ക ഇൻഷ്വറൻസ് പരിരക്ഷ ഇരട്ടിയാക്കി.
ബഹ്റൈൻ, ഫിലിപൈൻസ്, മലേഷ്യ, യുകെ, യുഎസ്എ, ആസ്ട്രേലിയ, ഫ്രാൻസ്, ഇന്തോനേഷ്യ, അർമേനിയ, താജിക്കിസ്ഥാൻ, ഉക്രയിൻ, അയർലാന്റ്, ഇറ്റലി, റഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6530 യാത്രക്കാർ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നോർക്ക റൂട്ട്സ് പ്രവാസി, വിദ്യാർത്ഥി തിരിച്ചറിയൽ കാർഡുകൾക്ക് നൽകി വരുന്ന ഇൻഷ്വറൻസ് പരിരക്ഷ ഇരട്ടിയാക്കി.
അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണ്ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാൽ നൽകിവരുന്ന ഇൻഷുറൻസ് ആനുകൂല്യം രണ്ട് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായും അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ആനുകൂല്യം ഒരു ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷമായും വർദ്ധിക്കും. ആനുകൂല്യം ഇരട്ടിയാക്കിയെങ്കിലും പ്രവാസി തിരിച്ചറിയൽ കാർഡിന്റെ അപേക്ഷ ഫീസ് വർദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.