കൊളംബോ: വീസ ചട്ടങ്ങള്‍ ലംഘിച്ചതിന് ശ്രീലങ്കയില്‍ 73 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊളംബോയ്ക്കടുത്ത മാട്ടുഗാമയിലെ ഒരു ഫാക്ടറിയില്‍നിന്നും ഇന്ഗിരിയയിലെ ഫാക്ടറിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയതെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചത്. വീസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടര്‍ന്നവരാണ് ഇവരെന്നാണ് അധികൃതരുടെ വിശദീകരണം.അറസ്റ്റിലായവരെ മിരിഹാനയിലെ ഡിറ്റെന്‍ഷന്‍ സെന്ററിലേക്കു മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.