കോഴിക്കോട‌് : കഴിഞ്ഞ ക്രിസ‌്മസ‌് ദിനത്തില്‍ കോട്ടയത്ത‌് വച്ച‌് ഓട്ടോ ഇടിച്ചാണ‌് രാജന്റെ ഓര്‍മ നഷ്ടമായത‌്. ഓര്‍മ തിരിച്ചുകിട്ടാന്‍ ഡോക‌്ടര്‍മാര്‍ നിര്‍ദേശിച്ചത‌് ഇഷ്ടപ്പെട്ടവരുടെ ശബ‌്ദം തുടര്‍ച്ചയായി കേള്‍പ്പിക്കണമെന്നാണ‌്. അങ്ങനെ അച്ഛന്റെ ‘പൊന്നൂട്ടി’ കട്ടിലിനരികിലിരുന്ന‌് ഉറക്കെ വായനയും പഠിപ്പും തുടങ്ങി. അപകടത്തില്‍ പരിക്കേറ്റ‌് ബോധമില്ലാതെ കിടക്കുന്ന അച്ഛനെ ഉണര്‍ത്താന്‍ കിടക്കക്കരികിലിരുന്ന‌് ഉറക്കെ വായിച്ച‌് പഠിച്ചാണ‌് ആര്യയെന്ന പൊന്നൂട്ടിക്ക‌് എസ‌്‌എസ‌്‌എല്‍സിക്ക‌് ഫുള്‍ എ പ്ലസ‌് നേടിയത‌്. ഒടുവില്‍ എസ‌്‌എസ‌്‌എല്‍സി ഫലം വന്നപ്പോള്‍ എല്ലാത്തിനും എ പ്ലസ‌്.
മന്ത്രി നിര്‍ദേശിച്ചതനുസരിച്ച‌് പകല്‍ മൂന്നോടെ മെഡിക്കല്‍ കോളേജ‌് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്റെയും സൂപ്രണ്ട‌് കെ ജി സജീത‌് കുമാറിന്റെയും നേതൃത്വത്തില്‍ ആറംഗ വിദഗ‌്ധ സംഘം ആര്യയുടെ വീട്ടിലെത്തി. മരുന്ന‌് മുഴുവന്‍ മാറ്റി നല്‍കും.
കോഴിക്കോട‌് പ്രോവിഡന്‍സ‌് ഗേള്‍സ‌് ഹൈസ‌്കൂള്‍ വിദ്യാര്‍ഥിയും സ‌്കൂളിലെ സ്റ്റുഡന്‍സ‌് പൊലീസ‌് കാഡറ്റ‌് കമാന്‍ഡറുമായ ആര്യയുടെ ദുഃഖം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ‌് മന്ത്രിമാര്‍ വീട്ടിലെത്തിയത‌്. മലാപ്പറമ്ബ‌് വനിതാ പോളിടെക‌്നിക്കിനടുത്ത‌് ഓടിട്ട ചെറിയൊരു വാടക വീട്ടിലാണ‌് ആറു വര്‍ഷമായി ആര്യയും അച്ഛന്‍ രാജനും അമ്മ സബിതയും.
ആഹ്ലാദക്കണ്ണീരിനൊപ്പം പൊന്നൂട്ടിയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. മലാപറമ്ബിലെ വാടകവീട്ടില്‍ എത്തി മന്ത്രിമാര്‍ അനുമോദനം അറിയിച്ചപ്പോള്‍ അവള്‍ വിതുമ്ബിപോയി. മന്ത്രിമാരായ ടി പി രാമകൃഷ‌്ണനും എ കെ ശശീന്ദ്രനും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും വ്യാഴാഴ‌്ച രാവിലെയാണ‌് ആര്യയെ കാണാന്‍ എത്തിയത‌്. മുന്നോട്ടുള്ള യാത്രക്ക‌് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പില്‍ അവള്‍ക്കിനി സ്വപ‌്നം കാണാം. അച‌്ഛന്റെ തുടര്‍ ചികിത്സ മെഡിക്കല്‍ കോളേജ‌് പ്രിന്‍സിപ്പലിനെ വിളിച്ച‌് മന്ത്രി ടി പി രാമകൃഷ‌്ണന്‍ ഉറപ്പാക്കി. ആര്യക്കും കുടുംബത്തിനും സ്വന്തമായി വീടെന്ന സ്വപ‌്നം യാഥാര്‍ഥ്യമാക്കുന്നത‌് സംബന്ധിച്ച‌് ആലോചിക്കുകയാണെന്നും ടി പി പറഞ്ഞു.
ആര്യയുടെ എ പ്ലസ‌് വിജയത്തിന‌് പൊന്‍തിളക്കമാണ‌്. പ്രതിസന്ധികളില്‍ തളരാതെ അവള്‍ അച‌്ഛന‌് കൂട്ടിരുന്ന‌് കിട്ടിയ വിജയം. ഈ മിടുക്കിയുടെ ജീവിതദുരിതം അറിഞ്ഞ‌് നിരവധി സഹായങ്ങളാണ‌് എത്തുന്നത‌്.
മന്ത്രിമാരായ ടി പി രാമകൃഷ‌്ണനും എ കെ ശശീന്ദ്രനും ഒരുമിച്ച‌് എത്തി ആ കുടുംബത്തെ ചേര്‍ത്തുപിടിക്കുമ്ബോള്‍ പകരുന്നത‌് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന സന്ദേശമാണ‌്. ‘അച്ഛാ, അച്ഛന്റെ പൊന്നൂട്ടിക്ക‌് ഫുള്‍ എ പ്ലസ‌് ആണച്ഛാ’ എന്ന അവളുടെ കണ്ണീരില്‍ കുതിര്‍ന്ന നിലവിളിയും സര്‍ക്കാര്‍ കേട്ടു.
ഗ്യാസ‌് പൈപ്പ‌് മെക്കാനിക്കാണ‌് രാജന്‍. ഒരു സെന്റ‌് ഭൂമി പോലും രണ്ടുപേര്‍ക്കുമില്ല. മൂന്നിടത്ത‌് വാടക വീട്ടില്‍ കഴിഞ്ഞു. അപകടത്തെ തുടര്‍ന്ന‌് ഒന്നരമാസത്തോളം കോട്ടയത്ത‌് ആശുപത്രിയിലായി. രാജന്റെ സുഹൃത്തുക്കളുടെ സഹായവും മകള്‍ക്ക‌് വിദ്യാര്‍ഥികള്‍ പിരിച്ചുകൊടുത്ത തുക കൊണ്ടാണ‌് ഇതുവരെ കഴിഞ്ഞത‌്.
‘ഒരു രൂപ പോലും ഞങ്ങള്‍ക്ക‌് കടമുണ്ടായിരുന്നില്ല സാര്‍… ചേട്ടന്റെ വരുമാനം കൊണ്ട‌് ഞങ്ങള്‍ നിത്യവും സന്തോഷത്തോടെ കഴിഞ്ഞു. ഇപ്പോള്‍ ഫിസിയോതെറാപ്പി ചെയ്യാനുള്ള കാശുപോലും ഇവിടെയില്ല’ — മന്ത്രിമാര്‍ക്ക‌് മുന്നില്‍ ആര്യയുടെ അമ്മ സബിതയുടെ കണ്ണുകള്‍ നിറഞ്ഞു. ‘ചികിത്സ ഇനി സര്‍ക്കാര്‍ ചെയ്യും. വീടില്ലാത്ത പ്രശ‌്നവും എങ്ങനെ പരിഹരിക്കാമെന്ന‌് ആലോചിക്കും. കോര്‍പറേഷന്റെയും സഹായം തേടും. തെരഞ്ഞെടുപ്പ‌് ചട്ടങ്ങള്‍ നിലവിലുള്ളതിനാല്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ല. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ഒരു തീരുമാനമുണ്ടാക്കും. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും.’ മന്ത്രി ടി പി രാമകൃഷ‌്ണന്‍ സബിതക്ക‌് ഉറപ്പുനല്‍കി. ഈ വാര്‍ത്ത ജനങ്ങളുടെ മുന്നിലെത്തിച്ച മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി നിര്‍മലനും പ്രാദേശിക പാര്‍ടി നേതാക്കളും മന്ത്രിമാര്‍ക്കൊപ്പമുണ്ടായി.