ദില്ലി: രാജ്യത്തെ 13.5 കോടി വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കമുള്ളവ ചോര്‍ന്നിട്ടുണ്ടെന്നാണ് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി എന്ന ഏജന്‍സി ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേത് അടക്കം നാല് സര്‍ക്കാര്‍ ഡേറ്റാ ബേസുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയധികം പേരുടെ വിവരങ്ങള്‍ ചോര്‍ന്നവിവരം കണ്ടെത്താന്‍ കഴിഞ്ഞത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്റ്സ് പ്രോഗ്രാം (എന്‍.എസ്.എ.പി), ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എന്‍.ആര്‍.ജി.എ), തൊഴിലുറപ്പ് പദ്ധതിയുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ രണ്ട് വെബ്സൈറ്റുകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നാണ് 13.5 കോടിയോളം പേരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് തിരിച്ചറിഞ്ഞത്. ഇതില്‍ 10 കോടിയോളം പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുന്നു. പദ്ധതികളുടെ നടത്തിപ്പില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പുറത്തിറക്കുന്ന വെബ്സൈറ്റുകള്‍ വഴിയാണ് വിവരങ്ങള്‍ ചോരുന്നത്. ആവശ്യമായ മുന്‍കരുതലുകളോ സുരക്ഷാ നടപടികളോ സ്വീകരിക്കാതെ വിവരങ്ങള്‍ തോന്നിയ പോലെ സൈറ്റുകളില്‍ നല്‍കുകയാണെന്ന് പഠനം നടത്തിയ ഏജന്‍സി പറയുന്നു. ഒട്ടുമിക്ക സര്‍ക്കാര്‍ സേവനങ്ങളും ആധാര്‍ അധിസ്ഥാനപ്പെടുത്തി ഏകീകരിക്കുന്നതിനാല്‍ ആധാര്‍ വിവരങ്ങള്‍ മിക്കവാറും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമൊക്കെ കിട്ടുന്നുണ്ട്. ജനങ്ങളുടെ രഹസ്യ സ്വഭാവത്തിലുള്ള വ്യക്തഗത വിവരങ്ങളാണെന്ന ബോധമില്ലാതെ ഇവ ഉപയോഗിക്കപ്പെടുകയാണ്. ആധാര്‍ നമ്പര്‍, ജാതി, മതം, വിലാസം, ഫോണ്‍ നമ്പര്‍, എന്നിങ്ങനെ തുടങ്ങി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോട്ടോയും വരെ ആര്‍ക്കും പല സൈറ്റുകളില്‍ നിന്ന് തപ്പിയെടുക്കാമെന്നതാണ് അവസ്ഥ. വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള ഓപ്ഷന്‍ പോലും ചില സൈറ്റുകളിലുണ്ടെന്നും സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി പറയുന്നു.