ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാന്‍ സാധിക്കില്ലെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സുപ്രിം കോടതിയില്‍. കോടതി അനുവദിച്ചാലും സര്‍ക്കാറിന് ആധാര്‍ പൗരന്മാരെ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കാന്‍ സാധിക്കില്ല. ആ രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇതിന് വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്നും യുഐഡിഎഐ വ്യക്തമാക്കി. ആധാറും സ്വകാര്യതയും സംബന്ധിച്ച കേസ് പരിഗണിക്കവെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന് മുമ്പാകെയാണ് യുഐഡിഎഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്റനെറ്റ് യുഗത്തില്‍ ഒന്നും സ്വകാര്യമല്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത കോടതിയില്‍ ബോധിപ്പിച്ചു. വിവരങ്ങള്‍ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ മുന്‍ സുപ്രിം കോടതി ജഡ്ജി ബിഎന്‍ ശ്രീക്രിഷ്ണ അധ്യക്ഷനായി പത്തംഗ വിദഗ്ധ സമിതി രൂപവത്കരിച്ചതായി കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു.