മരണവിവരം രജിസ്റ്റര്‍ ചെയ്യുന്നതിനു ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

245

ന്യൂഡല്‍ഹി: മരണവിവരം രജിസ്റ്റര്‍ ചെയ്യുന്നതിനു ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതു സംബന്ധിച്ച്‌ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഒക്ടോബര്‍ ഒന്നു മുതല്‍ മരണവിവരം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന നിബന്ധന നിലവില്‍ വരുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഇതുസംബന്ധിച്ച്‌ പരക്കെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്. വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ഇതുസംബന്ധിച്ച്‌ വിശദവിവരം ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖയുടെ തിരിമറി തടയുന്നതിനാണ് മരണത്തിനും ആധാര്‍ നിര്‍ബന്ധമാക്കിയതെന്നും, കൂടാതെ മരിച്ച വ്യക്തിയെ സംബന്ധിച്ച ആധികാരികവും സുതാര്യവുമായ വിവരങ്ങള്‍ നിലനിര്‍ത്താന്‍ ഈ നടപടി സഹായകമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചെന്നുമായിരുന്നു വിവരങ്ങള്‍.

NO COMMENTS