ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കല്‍ നേരത്തെ നിര്‍ദേശിച്ചപോലെ തുടരുമെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ. ഇന്‍കം ടാക്‌സ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നടപ്പാക്കിയത്. ആധാര്‍ എടുക്കല്‍ തുടരുമെന്ന് വ്യക്തമാക്കിയ പാണ്ഡെ, സുപ്രീം കോടതിവിധി വന്നതിനെ തുടര്‍ന്ന് ആരും ആധാറിനായി വിവരങ്ങള്‍ നല്‍കാതിരുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ക്കും നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ക്കും ആധാര്‍ വേണമെന്നതിന് മാറ്റമില്ല. സ്വകാര്യത മൗലികാവകാശമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ആധാര്‍ നിയമം തയാറാക്കിയിട്ടുള്ളത്. ആധാര്‍ നിയമത്തിനെതിരെ സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം സാധുവാണെന്നും പാണ്ഡെ പറഞ്ഞു.