ന്യൂഡല്‍ഹി: ആധാര്‍ അതോറിറ്റിയുടെ (യുഐഡിഎഐ) ഔദ്യോഗിക വെബ്സൈറ്റ് (portal.uidai.gov.in) മരവിപ്പിച്ചു. 500 രൂപയ്ക്ക് ആരുടെയും ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് വെബ്സൈറ്റ് മരവിപ്പിച്ചത്. ആധാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമല്ലെന്നു എഡ്വേഡ് സ്നോഡന്‍ ട്വീറ്റ് ചെയ്തതോടെ വിഷയം രാജ്യാന്തരതലത്തിലും ചര്‍ച്ചയായി. മാത്രമല്ല സ്നോഡന്‍ ആധാര്‍ ചോര്‍ച്ചയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്യുകയും സര്‍ക്കാര്‍ നടത്തുന്ന ‘ഒളിഞ്ഞുനോട്ടത്തെ’ വിമര്‍ശിക്കുകയും ചെയ്തു. ആധാര്‍ എന്‍റോള്‍മെന്റും റജിസ്ട്രേഷനും തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മരവിപ്പിച്ചത് അതോറിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രം പ്രവേശിക്കാന്‍ സാധിക്കുന്ന വെബ്സൈറ്റാണ്. ഗുജറാത്തിലെ സൂറത്ത് ജില്ലാ ആസ്ഥാനത്തു നിന്നാണ് വെബ്സൈറ്റിലേക്കു പ്രവേശിക്കാനുള്ള സാങ്കേതിക വിദ്യ മോഷ്ടിക്കപ്പെട്ടതെന്ന് സൂചനയുണ്ട്. ആധാര്‍ വിവരങ്ങള്‍ പരസ്യമാകുന്നതു സൈബര്‍ തട്ടിപ്പിനും അനുബന്ധ ക്രമക്കേടുകള്‍ക്കും കാരണമായേക്കാം. സാധാരണക്കാരുടെ അടിസ്ഥാന വിവരങ്ങള്‍ കൈക്കലാക്കാന്‍ രാജ്യാന്തര കമ്ബനികള്‍ക്കും താല്‍പര്യമുണ്ട്.