ആറന്മുള: വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ ആറന്മുള പുഞ്ചയില്‍ കൃഷി പുനരാരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായുള്ള നിലമൊരുക്കല്‍ വ്യാഴാഴ്ച തുടങ്ങും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുന്‍കൈയെടുത്താണ് 350 ഏക്കറോളം പുഞ്ച കൃഷിക്കായി ഒരുക്കുന്നത്. രാവിലെ 8ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പാടത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ നിലവിളക്ക് തെളിച്ച് നിലമൊരുക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കൃഷിസ്ഥലത്തേക്ക് എത്തിക്കുന്ന ട്രാക്ടറുകളുടെയും മറ്റ് യന്ത്രസാമഗ്രികളുടെയും ഫ്ളാഗ് ഓഫ് ആറന്മുള ഐക്കര ജങ്ഷനില്‍ വീണാ ജോര്‍ജ് എം.എല്‍.എ.നിര്‍വഹിക്കും. ആറന്മുള എന്‍ജിനിയറിങ് കോേളജ് ജങ്ഷനില്‍നിന്ന് വിശിഷ്ടാതിഥികളെയും കര്‍ഷക പ്രമുഖരെയും വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവയുടെയും അകമ്ബടിയോടെ പുഞ്ചയിലേക്ക് ആനയിക്കും. നവംബര്‍ 1ന് കൃഷി ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ആറന്മുള പുഞ്ചയിലെ കൃഷിയുടെ കാര്യങ്ങള്‍ക്കായി പന്തളം ഫാമിലെ കൃഷി ഓഫീസര്‍ ജെ.സജീവിനെ സ്പെഷല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലെ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചാണ് കൃഷി ആരംഭിക്കുന്നത്.