കാസര്‍കോട് : അരനൂറ്റാണ്ടോളം കാലം മാലിക് ദീനാര്‍ പള്ളിയില്‍ മുഅദ്ദിനായി സേവനമനുഷ്ടിച്ച് തളങ്കരയിലേയും സമീപദേശങ്ങളിലെയും ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠനേടിയ മര്‍ഹൂം മച്ചമ്പാടി അബ്ബാസ് മുസ്ലിയാര്‍ വിടവാങ്ങിയിട്ട് 8 വര്‍ഷം തികയുകയാണ്. നീണ്ട 45 വര്‍ഷത്തോളം കാലം തളങ്കരയുടെ ചരിത്ര ഭൂമികയെ നിരന്തരം തട്ടി തലോടിയ മധുര ബാങ്കൊലിയുടെ ഉടമയായിരുന്നു അബ്ബാസ് മുസ്ലിയാര്‍. മാലിക് ദീനാറില്‍ നടക്കുന്ന മുഴുവന്‍ സംഗമങ്ങളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം . പള്ളിയും പരിസരങ്ങളും പരിപാലിക്കാനും ആസൂത്രണങ്ങള്‍ നടത്താനും നാട്ടുകാരുടെ പ്രിയപ്പെട്ട ‘മുക്രിയുസ്താദ്’ സജീവ ശ്രദ്ധ കാട്ടി.
1967 നായിരുന്നു ആദ്യമായി അബ്ബാസ് മുസ്ലിയാര്‍ തളങ്കരയില്‍ മുഅദ്ദിനായി സേവനമാരംഭിക്കുന്നത്. അക്കാലം മുതല്‍ പ്രസിദ്ധ സിയാറത് കേന്ദ്രമായ മാലിക് ദീനാര്‍ (റ) വിന്റെ വിശുദ്ധ മഖ്ബറയിലേക്കും പള്ളിയിലേക്കും വിവിധ ദിക്കുകളില്‍ നിന്നെത്തുന്ന പതിനായിരങ്ങളെ തികഞ്ഞ ലാളിത്യത്തോടെ സ്വീകരിക്കാനും ആശിര്‍വദിക്കാനും അദ്ദേഹം തയ്യാറായി.സേവനമാരംഭിച്ചതിന് ശേഷമുള്ള ആദ്യ കാലങ്ങളില്‍ മിക്ക സേവനങ്ങളും അദ്ദേഹം ഒറ്റക്ക് തന്നെ ചെയ്യുമായിരുന്നു. ബാങ്ക് വിളി, പള്ളി മഖാം പരിപാലനം, നേര്‍ച്ച വാങ്ങല്‍, റസീറ്റ് നല്‍കല്‍, സൂക്ഷിപ്പ് തുടങ്ങിയ നിരവധി ജോലികള്‍ ഒറ്റക്ക് തന്നെ ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ത്തു.
അന്ന് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാറായിരുന്നു ജുമുഅ ഖുതുബയും ഖുതുബക്ക് ശേഷമുള്ള പ്രഭാഷണവുമൊക്കെ നിര്‍വ്വഹിച്ചിരുന്നത്. പല മഹല്ലുകളിലും മേല്‍നോട്ട ചുമതലയുള്ള അവറാന്‍ മുസ്ലിയാരുടെ അഭാവത്തില്‍ ഈ ദൗത്യം കൂടി അബ്ബാസ് മുസ്ലിയാര്‍ക്കായി. അങ്ങിനെ ഒരേ സമയം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ ഖതീബും മുദരിസും മുക്രിയുമൊക്കെയായി അവര്‍ സേവനം തുടര്‍ന്നു.