അഭിമന്യു കൊലപാതക കേസ് വിചാരണ ഇന്ന്

173

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകക്കേസില്‍ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തിയ 16 പ്രതികളുടെ വിചാരണ നടപടികളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങുന്നത്.

കേസില്‍ ആകെ 27 പേരെയാണ് പോലീസ് പ്രതിചേര്‍ത്തത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ 1 മുതല്‍ 16 വരെയുള്ള പ്രതികള്‍ക്കെതിരെ സെപ്റ്റംബറില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രാവിലെ 11 മണിക്ക് നടപടികള്‍ ആരംഭിക്കും.

അറസ്റ്റിലായ 9 പേരില്‍ അഞ്ച് പേര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇനിയും പിടിയിലാകാനുള്ള 7 പ്രതികള്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരില് ചിലര്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. അറസ്റ്റിലായ പ്രതികള്‍ എല്ലാവരെയും ഇന്ന് കോടതിയില്‍ ഹാജരാകും.

മഹാരാജാസ് കോളേജ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും ക്യംപസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദാണ് ഒന്നാം പ്രതി. കോളേജിലെ ചുവരെഴുത്തിനെചൊല്ലി എസ്‌എഫ്‌ഐ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം. കേസിലെ പ്രതികളെല്ലാം പോപ്പുലര്‍ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരാണ്.

കൊലപാതകം, സംഘംചേര്‍ന്ന് മര്‍ദിക്കല്‍, വധിക്കണമെന്ന ഉദ്ധേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വാദത്തിനായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ജി മോഹനരാജിനെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഒളിവില്‍ പോകാനും മറ്റും പ്രതികളെ സഹായിച്ചതിന് പ്രതിചേര്‍ത്ത 11 പ്രതികളെകൂടി ഉള്‍പ്പെടുത്തി, രണ്ടാം കുറ്റപത്രവും പോലീസ് വൈകാതെ സമര്‍പ്പിക്കും.

NO COMMENTS