അബൂദബി സിറ്റി മുനിസിപ്പാലിറ്റി 53 പാര്‍ക്കുകളും കളിസ്ഥലങ്ങളും സ്ഥാപിക്കാനൊരുങ്ങുന്നു. താമസക്കാരെ സംതൃപ്തിപ്പെടുത്താനും ജീവിതനിലവാരം ഉയര്‍ത്താനും കുടുംബങ്ങള്‍ക്ക് വിനോദ ഇടങ്ങള്‍ നല്‍കാനുമാണ് കൂടുതല്‍ പുതിയ പാര്‍ക്കുകളും വിനോദ സൗകര്യങ്ങളും നിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷം ഷഖ്ബൂത്ത് നഗരത്തില്‍ നാല് പാര്‍ക്കുകള്‍ പൂര്‍ത്തിയാക്കി.
അല്‍ ഫലാഹ്, അല്‍ ഷംഖ പ്രദേശങ്ങളിലെ ഗാര്‍ഡനുകളുടെ പുനര്‍നിര്‍മാണം ഉള്‍പ്പെടെ ഭാവിയിലെ പുതിയ ഉദ്യാന പദ്ധതികള്‍ സ്ഥാപിക്കാനുള്ള പഠനങ്ങളും നടക്കുന്നുണ്ട്. രണ്ടാംഘട്ടത്തില്‍ അല്‍ ബാഹിയ, അല്‍ ഷഹാമ പ്രദേശങ്ങളില്‍ മൂന്നുപാര്ക്കുകളും അല്‍ സദറില്‍ പൂന്തോട്ടവും കളിസ്ഥലവും സ്ഥാപിക്കും.ബനിയാസ് പ്രദേശത്ത് മൂന്നു പാര്‍ക്കുകള്‍, ഷഖ്ബൂത്ത് സിറ്റിയില്‍ എട്ട്, അല്‍ ഷവാമെഖ്, അല്‍ മുഅസ് പ്രദേശങ്ങളില്‍ മൂന്ന്, അല്‍ വത്ബ, ബനിയാസ്, അല്‍ മുഅസാസ്, അല്‍ നഹ്ദ പ്രദേശങ്ങളില്‍ നാല്, അല്‍ ഷവമെഖ് പ്രദേശത്ത് മൂന്നു പാര്‍ക്കുകള്‍ വീതം നിര്‍മിക്കും.
മുസഫയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നാല് പൊതു പാര്‍ക്കുകളും 20 കളിസ്ഥലങ്ങളും കുട്ടികള്‍ക്കായി നിര്‍മിക്കും. അല്‍ ഫല ജില്ലയിലെ നാല് പാര്‍ക്കുകളും പദ്ധതികളില്‍ ഉള്‍പ്പെടും.പുതിയ പ്രോജക്ടുകളില്‍ ഊര്‍ജ സംരക്ഷണത്തിനായി പൂര്‍ണമായും എല്‍.ഇ.ഡി ലൈറ്റുകളാണ് ഉപയോഗിക്കുക. നൂതന ജലസേചന രീതികളും ഉപയോഗിക്കും.
നഗരാതിര്‍ത്തിയിലെ പാര്‍ക്കുകള്‍ക്കായുള്ള വികസന പദ്ധതിയില്‍ 28 പാര്‍ക്കുകളും 23 ഗെയിമിങ് സൈറ്റുകളും ഉള്‍പ്പെടുന്ന പുതിയ പ്രോജക്ടുകളില്‍ മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിെന്റ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നൂതന സാങ്കേതികവിദ്യകളാവും നടപ്പാക്കുക.