തിരുവനന്തപുരം: ഇടത് അക്രമങ്ങള്‍ക്കെതിരെ ‘അഭിമാനമാണ് കേരളം, ഭീകരമാണ് മാര്‍ക്സിസം’ എന്ന മുദ്രാവാക്യവുമായി യുവശക്തി ഇന്ന് തിരുവനന്തപുരത്ത് അണിചേരും. എബിവിപിയുടെ മഹാറാലിയില്‍ ഒരുലക്ഷം വിദ്യാര്‍ഥികള്‍ അണിചേരും. രാവിലെ 10.30-നാണ് മാര്‍ച്ച് ആരംഭിക്കുക. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പ്രകടനം പിഎംജി ജങ്ഷനില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെത് മ്യൂസിയം പരിസരത്തു നിന്നും ആരംഭിക്കും. കേരളത്തില്‍ നിന്നുള്ളവരുടെ പ്രകടനം ദേശീയ അധ്യക്ഷന്‍ നാഗേഷ് ഠാക്കൂറും മറ്റുള്ളവരുടേത് ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രേയും നയിക്കും. ദേശീയ ഭാരവാഹികളും മുന്‍ നിരയില്‍ അണിനിരക്കും. പാളയം, സ്റ്റാച്യു വഴി പുത്തരിക്കണ്ടത്ത് പ്രകടനം എത്തിയാലുടന്‍ പൊതുയോഗം ആരംഭിക്കും. നാഗേഷ് ഠാക്കൂര്‍, വിനയ് ബിദ്രേ, മുന്‍ ജനറല്‍ സെക്രട്ടറി ശ്രീഹരി ബോറിക്കര്‍, ആര്‍എസ്‌എസ് നേതാവ് സി. സദാനന്ദന്‍, ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ സെക്രട്ടറി മഹാമേധ നാഗര്‍, ആശിഷ് ചൗഹാന്‍, പശ്ചിമബംഗാളില്‍ നിന്നുള്ള എബിവിപി ദേശീയസെക്രട്ടറി കിഷോര്‍ ബര്‍മന്‍, ജെഎന്‍യുവിലെ എബിവിപി നേതാവ് നിതി ത്രിപാഠി, ദേശീയസെക്രട്ടറി ഒ. നിധീഷ്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് എന്നിവര്‍ സംസാരിക്കും.