തിരുവനന്തപുരം: ജനാധിപത്യവും, സംഘടിക്കാനുള്ള അവകാശവും കുഴിച്ചുമൂടാനുള്ള സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ശ്രമങ്ങളെ ജനാധിപത്യ രീതിയില്‍ ചെറുക്കുമെന്ന് എ.ബി.വി.പി ദേശീയ സെക്രട്ടറി വിനയ് ബിദ്രേ. ശ്രീനാരായണ ഗുരുവും ചട്ടമ്ബി സ്വാമികളും അയ്യങ്കാളിയുമൊക്കെയാണ് കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്. അതോടൊപ്പം സാംസ്കാരികമായ നിലവാരവും സാക്ഷരതയും പ്രകൃതിസൗന്ദര്യവും ജനങ്ങളുടെ അദ്ധ്വാനശേഷിയും കൊണ്ട് കേരളം രാജ്യമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ കേരളത്തിന്റെ കീര്‍ത്തിയെ കളങ്കപ്പെടുത്തുകയാണ് അക്രമത്തിലൂടെ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്നത്. രാജ്യത്തിന് അഭിമാനമാണ് കേരളമെങ്കില്‍ അപമാനമാണ് കമ്മ്യൂണിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനിയില്‍ സി.പി.എം ആക്രമണത്തിനെതിരെ എ.ബി.വി.പി സംഘടിപ്പിച്ച മഹാറാലിയില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിയുമ്ബോഴേക്കും 14 ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് സി.പി.എം കൊല ചെയ്തത്. ഒരു വര്‍ഷത്തിനുള്ളില്‍ 300 ഓളം എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് നേരെ ശാരീരിക ആക്രമണമുണ്ടായി. ഇതില്‍ 20 എണ്ണം വധശ്രമങ്ങളാണ്. സി.പി.എം അക്രമത്തിനിരയാവുന്ന കേരളീയരോടുള്ള രാജ്യത്തിന്റെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് റാലിയെന്നും വിനയ് ബിദ്രെ പറഞ്ഞു. ലോകമെങ്ങും കമ്മ്യൂണിസ്റ്ര് പ്രത്യയ ശാസ്ത്രത്തെ തള്ളിക്കളയുകയാണ്. കേരളത്തിലെ ഒരു തുരുത്തില്‍ മാത്രമാണിത് അവശേഷിക്കുന്നത്. അത് നിലനിറുത്താന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളെയും സംഘടനാ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുകയാണ് അവര്‍ ചെയ്യുന്നത്. കമ്മ്യൂണിസ്റ്റുകളുടെ ഗ്രഹണത്തില്‍ നിന്ന് കേരളം പുറത്തു കടക്കും. തെലുങ്കാനയിലും ബസ്തറിലും കമ്മ്യൂണിസ്റ്ര് തീവ്രവാദത്തെ വിജയകരമായി മറികടക്കാന്‍ എ.ബി.വി.പിക്ക് കഴിഞ്ഞു . സമീപകാല ഭാവിയില്‍ കേരളത്തിലും അത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.