കൊച്ചി: കുസാറ്റ് സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ 1 സീറ്റില്‍ ജയിച്ചതിന് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐയെ പരാജയപ്പെടുത്തി എബിവിപിക്ക് വന്‍ വിജയമെന്ന പ്രചാരണവുമായി ദേശീയ തലത്തില്‍ സംഘപരിവാറിന്‍റെ വന്‍ പ്രചരണം. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപി ചരിത്ര വിജയം സ്വന്തമാക്കി എന്നവകാശപ്പെട്ട് ജനം ടീവി ഉള്‍പ്പടെ വാര്‍ത്ത നല്‍കുകയും ചെയ്തു.എന്നാല്‍ കുസാറ്റ് സര്‍വ്വകാലാശാല യുണിയനിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുപ്പുപോവും നടന്നിട്ടില്ല എന്നതാണ് വാസ്തവം. സെനറ്റ് തിരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍ ജയിച്ചു കൊണ്ടിരുന്ന 1 സീറ്റ് നിലനില്‍ത്തിയത് യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളുടെ വ്യാജ പ്രചരണം. ഇത് സംബന്ധിച്ച് ഗവേഷകനായ പികെ കണ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
“കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം” എന്ന തലക്കെട്ടോടെ ഒരു വാർത്ത ജനം ടിവി റിപ്പോർട് ചെയ്തത് ശ്രദ്ധയിൽപ്പെടാനിടയായി. ജനം ടി വിയുടെ ഈ വാർത്ത പുറത്തു വന്നതോടെ സംഘപരിവാർ സൈബർ ടീമുകൾ “കൊച്ചിൻ യൂണിവേഴ്‌സിറ്റി എ ബി വി പി പിടിച്ചടക്കി” എന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണവും ആരംഭിച്ചു.ഭാരതീയം പോലുള്ള സംഘപരിവാർ ഫേസ്‌ബുക്ക് പേജുകളാണ് നുണ പ്രചരണത്തിന് നേതൃത്വം നൽകിയത്. എ ബി വി പി 873 വോട്ടുകൾ നേടിയപ്പോൾ എസ് എഫ് ഐയ്ക്ക് 247 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചതെന്നാണ് സംഘപരിവാർ സൈബർ ടീം ജനം ടി വിയുടെ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
പതിനായിരത്തോളം ഷെയറുകളാണ് സംഘപരിവാറിന്റെ ഈ ഗീബൽസിയൻ നുണക്ക് ലഭിച്ചത്. സംഘപരിവാർ പ്രസ്ഥാനമായ എ ബി വി പി കേരളത്തിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലയിൽ എസ് എഫ് ഐ യുടെ നാലിരട്ടി വോട്ട് നേടി എന്നാണ് സംഘപരിവാർ അണികൾ പോലും തെറ്റിദ്ധരിക്കപ്പെട്ടതും പ്രചരിപ്പിച്ചു പോന്നതും.
എന്നാൽ യഥാർത്ഥ വസ്തുത എന്താണെന്ന് സംഘപരിവാർ പോസ്റ്റുകൾ കണ്ണടച്ച് ഷെയർ ചെയ്യുന്നവർ പോലും മനസ്സിലാക്കുന്നില്ല എന്നാണു ആ പോസ്റ്റുകൾക്ക് കുസാറ്റിലെ ഗവേഷക വിദ്യാർത്ഥി കൂടിയായ ഞാൻ കൊടുത്ത മറുപടിക്ക് കിട്ടിയ കമന്റുകൾ വായിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്.