കണ്ണൂർ : കോവിഡ് 19 പശ്ചാത്തലത്തില്‍ ട്രോളിങ് നിരോധനത്തിനു ശേഷം മടക്കര മത്സ്യബന്ധന തുറമുഖം തുറക്കുമ്പോള്‍ ഹാര്‍ബറിലേക്കുളള പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കു. കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിനും മത്സ്യവിപണനത്തിനുമുളള മാര്‍ഗ്ഗരേഖ പ്രകാരം ഹാര്‍ബറിനകത്തേക്ക് പ്രവേശനം മത്സ്യത്തൊഴിലാളികള്‍ക്കും യാനത്തില്‍ മത്സ്യബന്ധനത്തിനു പോകുന്ന ജോലിക്കാര്‍ക്കും മൊത്തം മത്സ്യകച്ചവടക്കാരക്കും മാത്രമാണ്.
ഇവിടങ്ങളില്‍ ചില്ലറ വില്പന അനുവദിക്കില്ല. ചെറുകിട വിതരണകാര്‍ക്കും തലചുമടായി വില്‍ക്കുന്നവര്‍ക്കും ഹാര്‍ബറിനകത്തേക്ക് പ്രവേശനമില്ല. അവര്‍ക്ക് ആവശ്യമായ മത്സ്യം മടക്കര കാടങ്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളി വികസന ക്ഷേമ സന്നദ്ധ സംഘടനകള്‍ നിയന്ത്രിത വിലയില്‍ അതാത് മത്സ്യമാര്‍ക്കറ്റുകളില്‍ ഓര്‍ഡര്‍ പ്രകാരം എത്തിച്ചു നല്‍കും. ഹാര്‍ബറില്‍ മത്സ്യലേലം പൂര്‍ണ്ണമായും ഒഴിവാക്കി. കണ്ടെയ്‌മെന്റ് സോണില്‍ പരിധിക്കുളളില്‍ നിന്നും മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഹാര്‍ബറിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.
യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന്‍ അധ്യക്ഷത വഹിച്ചു. ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുധീഷ്, മത്സ്യഫെഡ് ജില്ലാ ഓഫീസര്‍ കെ.എച്ച്. ഷെരീഫ്, കോസ്റ്റല്‍ പോലീസ് എസ്.ഐ. ടി.കെ. മുകുന്ദന്‍, വാര്‍ഡ് മെമ്പര്‍ ടി.രവീന്ദ്രന്‍, ഫിഷറീസ് സീനിയര്‍ കോ-ഓപ്പറേറ്റിവ് ഇന്‍സ്‌പെക്ടര്‍ സി.പി. ഭാസ്‌ക്കരന്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി അംഗങ്ങളായ മൂത്തല്‍ കണ്ണന്‍, ഷാജി, സി.എ.അമ്പാടി എന്നിവര്‍ സംസാരിച്ചു.