വാളയാര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഈറോഡ് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളായ മഹേന്ദ്രന്‍ (24), ധനശേഖര്‍ (23), എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന കണ്ണന്‍ (26), ദിനേശ് (25), കവിന്‍ (22), ശെന്തില്‍ രാജ് (23), ആസിഫ് (24), ഗൗരിശങ്കര്‍ (23), ധനപാല്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ കോയന്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേളിപ്പിച്ചു. ഈറോഡ് വേളാളുര്‍ കോളജ് ഓഫ് എന്‍ജിനിയറിങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആസിഫാണ് കാര്‍ ഓടിച്ചിരുന്നത്. കൊച്ചിയിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് ദുരന്തം. വേഗത്തിലായിരുന്ന കാര്‍ ടയര്‍പൊട്ടിയ ഉടന്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നിട് വാളയാര്‍ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.