ബേക്കല്‍ • ബൈക്ക് നിയന്ത്രണം വിട്ടു തൂണിലിടിച്ച് രണ്ടു പേര്‍ മരിച്ചു. കോട്ടിക്കുളം പൂമി വളപ്പില്‍ കെ.ശിവകുമാര്‍ (48), കാസര്‍കോട് കടപ്പുറം സ്വദേശിയും കോട്ടിക്കുളം പൂമിവളപ്പിലെ താമസക്കാരനുമായ കെ.ഷണ്‍മുഖന്‍ (56) എന്നിവരാണ് മരിച്ചത്. ഷണ്‍മുഖന്റെ മകന്‍ സനുല്‍ ദേവ് (15)നെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിസ്മസ് രാത്രി പതിനൊന്നു മണിയോടെ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിനടുത്താണ് അപകടം. ബേക്കല്‍ കുറുംബാ ഭഗവതി ക്ഷേത്ര ഉല്‍സവം കഴിഞ്ഞ് കോട്ടിക്കുളം വീട്ടിലേക്ക് വരുന്നതിനിടെ കാസര്‍കോട്- കാഞ്ഞങ്ങാട് തീരദേശപാതയില്‍ ആണ് അപകടം. തൃക്കണ്ണാട്ട് തെരുവ് വിളക്കിനായി സ്ഥാപിച്ച സോളാര്‍ പാനല്‍ തൂണില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.മൂവരെയും കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു പേരെ രക്ഷിക്കാനായില്ല. മരിച്ച രണ്ടും പേരും മല്‍സ്യത്തൊഴിലാളികളും ബന്ധുക്കളുമാണ്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍. സംസ്ക്കാരം പിന്നീട് നടക്കും. പരേതരായ കൃഷ്ണന്റെയും വിജയലക്ഷ്മിയുടെയും മകനാണ് ശിവകുമാര്‍. ഭാര്യ ബീന. മക്കള്‍. അഞ്ജന, ജ്യോതി, ശിവകല, ശര്‍മിള. കാസര്‍കോട് കടപ്പുറത്തെ പരേതരായ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് ഷണ്‍മുഖന്‍. ഭാര്യ ശൈലജ. മറ്റുമക്കള്‍: ഷൈനി, ആദിത്യ. സഹോദരങ്ങള്‍. ഉമേശന്‍, ഉല്യാസന്‍, ലീലാവതി, പുഷ്പ, ബേബി.