ഹിമാചല്‍ പ്രദേശില്‍ മലയാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. ഏഴ് പേരുടെ നില ഗുരുതരമാണ്. ദില്ലിയില്‍ നിന്ന് കുളു-മണാലിയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ 6.10ന് ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ കുളു ദേശീയ പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത മിനി ബസ് ബിയാസ് നദിയിലേക്ക് മറിയുകയായിരുന്നു. രാവിലെ 8.15ഓടെ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി. 17 പേര്‍ക്ക് പരിക്കേറ്റെന്നും ഏഴ് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 12 പുരുഷന്മാര്‍ക്കും അഞ്ച് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. സംഘത്തില്‍ അഞ്ച് കുട്ടികള്‍ ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. അപകട കാരണം എന്താണെന്നോ പരിക്കേറ്റവരുടെ പേര് വിവരങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല.