താമരശ്ശേരി: വയനാട് ചുരത്തിൽ രണ്ടാം വളവിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. വളവിലെ സംരക്ഷണ ഭിത്തി തകർത്ത് നൂറോളം അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. വൈത്തിരി സ്വദേശികളായ നവാസ് (27), നൗഫൽ (26), റിയാസ് (25) എന്നിവർക്കാണ് പരിക്കേറ്റത്. കെ.എൽ 58 ബി 2929 നമ്പർ കാറാണ് അപകടത്തിൽപെട്ടത്. വീഴ്ചയുടെ ആഘാതത്തിൽ കാറിന്റെ ഡോർ തുറന്ന് മൂന്നുപേരും പുറത്തേക്ക് തെറിച്ചുവീണു. വിവരമറിഞ്ഞെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. .