സ്വകാര്യബസ് കെഎസ്‌ആര്‍ടിസി ബസ്സിൽ ഇടിച്ചു ; 17 പേര്‍ക്ക് പരിക്ക്

268

ചങ്ങനാശ്ശേരി: സ്വകാര്യബസ് മരത്തിലിടിച്ച ശേഷം കെഎസ്‌ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറി. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേട്ടു. ബസ് സ്റ്റോപ്പില്‍ നിന്ന വീട്ടമ്മ അപകടം കണ്ട് ഓടിമാറാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ഓടയില്‍ വീണു. ഇത്തിത്താനം മലകുന്നം സ്വദേശി കനകലതയാണ് ഇടിയില്‍ നിന്നും ഓടിമാറുമ്പോള്‍ ഓടയില്‍ വീണത്.

ഇന്നലെ രാവിലെ 6.45 ന് തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന മാത്യൂസ് ബസാണ് അപകടത്തില്‍പെട്ടത്. തുരുത്തി ജംഗ്ഷനിലുള്ള ആല്‍മരത്തില്‍ വണ്ടി നിയന്ത്രണം വിട്ട് ഇടിച്ച ശേഷം പിന്നിലേക്ക് തെറിച്ച്‌ എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ഹരിപ്പാട്ട് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍പെട്ട ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍കോളേജ്, ജില്ലാ ആശുപത്രി, ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.

NO COMMENTS