കാസര്‍കോട് : ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കര്‍ണാടക ഭാഗത്തു നിന്ന് വന്ന ലോറി ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരെല്ലാം കര്‍ണാടക സ്വദേശികളായ ജീപ്പ് യാത്രക്കാരാണ്. ഒരാള്‍ സംഭവ സ്ഥലത്തും നാലു പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ ആറു മണിയോടെ നയാബസാർ ദേശീയപാതയിൽ മംഗൽപാടി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം.
മംഗളൂരു ഭാഗത്ത് നിന്നും ചരക്കുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന കെ.എ 23 സി. 0803 നമ്പർ നാഷണൽ പെർമിറ്റ് ലോറിയും, കാസറഗോഡ് ഭാഗത്ത് നിന്നും കർണാടകയിലേക്ക് പോവുകയായിരുന്ന കെ.എ 15 പി.9999 നമ്പർ ഫോഴ്‌സ് ട്രാക്ക് തൂഫാൻ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ലോറിയുടെ മുൻ വശത്തെ ടയർ പൊട്ടിയത് മൂലം നിയന്ത്രണം വിട്ടു ജീപ്പിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ജീപ്പ് വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. മൂന്നു സ്ത്രീകളും ജീപ്പ് ഡ്രൈവർ അടക്കം രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ജീപ്പ് ഡ്രൈവറുടെ മൃതദേഹം ഒരു മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ നാല് കുട്ടികളെ മംഗളൂരിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.