കല്ലമ്പലം : നടന്‍ അഭിമന്യു രമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു. മൗനം സൊല്ലും വാര്‍ത്തെകള്‍ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ നടനായിരുന്നു. കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചാണ് അപകടം. 31 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേയ്ക്ക് മടങ്ങവെ അഭിമന്യുവിന്റെ ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ എത്തിയ പൊലീസ് അഭിമന്യുവിനെ മെഡിക്കല്‍ കോളെജിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.