ദേശീയപാത 17 ല്‍ മീന്‍വണ്ടികള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

168

വരാപ്പുഴ: മീന്‍വണ്ടികള്‍ കൂട്ടിയിടിച്ചു രണ്ടു പേര്‍ മരണമടഞ്ഞു. ദേശീയപാത 17ല്‍ വരാപ്പുഴ പാലത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഗോവയില്‍നിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന ഇന്‍സുലേറ്ററും കോഴിക്കോട്ടേക്കു പോകുകയായിരുന്ന എയ്സും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം. എയ്സിലെ ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ മരിച്ചു.
കോഴിക്കോട് ബേപ്പൂര്‍ പറന്പത്ത് വീട്ടില്‍ കബീര്‍ (48), മലപ്പുറം തെക്കുംപുറത്ത് വലിയക്കംപറന്പ് വീട്ടില്‍ റഹിം (43) എന്നിവരാണു മരിച്ചത്. ഇന്‍സുലേറ്ററിലെ അനീഷി(33)നു പരുക്കേറ്റു. ഇയാള്‍ മുന്നിലെ ചില്ലുതകര്‍ന്നു റോഡില്‍ വീണു. എയ്സില്‍ ഉണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ എയ്സിന്‍റെ മുന്‍ഭാഗം പാടെ തകര്‍ന്നു.ക്യാബിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെയും വാഹനം വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. മറ്റൊരാള്‍ ആശുപത്രിയിലും മരണമടഞ്ഞു. പാലം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട എയ്സ് എതിര്‍ ദിശയില്‍നിന്നു വന്ന ഇന്‍സുലേറ്ററില്‍ ഇടിക്കുകയായിരുന്നു. മഴയുള്ള സമയത്താണ് അപകടം ഉണ്ടായത്.

NO COMMENTS

LEAVE A REPLY