രത്‍ലം • മധ്യപ്രദേശില്‍ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. രത്‍ലം ജില്ലയിലെ നാമിലിനു സമീപമാണ് സംഭവം. രത്‍ലത്തില്‍നിന്നു മണ്ഡേശ്വരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ് റോഡിനു സമീപത്തെ വലിയ മഴക്കുഴിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അമിത വേഗതയിലോടിയ ബസിലെ ഡ്രൈവറോട് നിരവധി തവണ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഇതു കേട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചത്.