തിരുവനന്തപുരം : കാട്ടാക്കടയില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം. സ്വകാര്യ സ്കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23) ആക്രമണത്തിന് ഇരയായത്. യുവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജീന ആര്യനാട് സ്വകാര്യ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. കരിംഭൂതത്താന്‍ പാറ വളവില്‍ ഇന്നലെ വൈകിട്ട് 6.30യോടെയായിരുന്നു സംഭവം. കുറ്റിച്ചലില്‍ ബസിറങ്ങിയ ശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ജീനയെ ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ജീനയെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ശേഷം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ കൈയ്യിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടില്‍ മോഹനന്‍-ലില്ലിക്കുട്ടി ദമ്ബതികളുടെ മകള്‍ ആണ് ജീന. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് തന്നെ ആക്രമിച്ചതെന്ന് ജീന മൊഴിനല്‍കി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.