ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമം അപലപനീയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്നുവെന്നും അവർ പറഞ്ഞു
സര്‍ക്കാറിന്റെ തെറ്റായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താനും ആശങ്കകള്‍ രേഖപ്പെടുത്താനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ജനശബ്ദത്തോട് തീര്‍ത്തും അവഗണനയാണ് കാണിക്കുന്നത്. വിയോജിപ്പുകളെ ബലപ്രയോഗത്തിലൂടെ മൃഗീയമായി അടിച്ചമര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ വിമര്‍ശിച്ചു.
പൗരത്വ ഭേദഗതി വിവേചനപരമാണ്. പാവങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സോണിയ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയും ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്നും ടിവി സന്ദേശത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.