കണ്ണൂർ : ലൈസന്‍സ് ഇല്ലാതെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ എത്രയും വേഗം ലൈസന്‍സ് നേടണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ജില്ലയില്‍ ലിഫ്റ്റ് തകരാര്‍ മൂലം ആളുകള്‍ കുടുങ്ങിപ്പോകുന്ന സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റുകളാണ് അപകടത്തില്‍പ്പെടുന്നതില്‍ കൂടുതലും.
കേരള ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ റൂള്‍സ്, 2013 പ്രകാരം ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറില്‍ നിന്ന് ലൈസന്‍സ് നേടുകയും നിശ്ചിത കാലയളവിനുള്ളില്‍ പുതുക്കുകയും വേണം. നിയമപ്രകാരം അംഗീകൃത ലിഫ്റ്റ് മാനുഫാക്ചറിംഗ് ലൈസന്‍സ് ഉള്ള കമ്പനികളുടെ ലിഫ്റ്റുകള്‍ മാത്രമേ സ്ഥാപിക്കാവൂ.
ലിഫ്റ്റില്‍ നിന്നുണ്ടാകുന്ന അപകടങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തേണ്ടതും ബന്ധപ്പെട്ട അനുമതി നേടേണ്ടതും സ്ഥാപന ഉടമയുടെ ചുമതലയാണ്. ലൈസന്‍സ് ഇല്ലാതെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നത് ആ സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാവുന്ന കുറ്റമാണെന്നും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0497 2700882.