തിരുവനന്തപുരം :കൊറോണ പ്രതിരോധത്തിന് ജില്ലാ ഭരണകൂടം വിവിധ ടീമുകൾ രൂപീകരിച്ച് ഊർജ്ജിത പ്രവർത്തനമാണ് നടത്തുന്നത്. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ എല്ലാ ദിവസവും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു. പൊതുജനങ്ങളെ സഹായിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി കോൾ സെന്റർ മാനേജ്‌മെന്റ് ടീം, ആംബുലൻസും മറ്റു വാഹനങ്ങളും എത്തിക്കുന്നതിനായി ട്രാൻസ്‌പോർട്ടേഷൻ ആന്റ് ആംബുലൻസ് ടീം, രോഗബാധയുണ്ടായവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനും അന്വേഷണത്തിനും ഇൻവെസ്റ്റിഗേഷൻ ടീം, സ്വകാര്യ ആശുപത്രികളുടെ സേവനം ഉറപ്പാക്കുന്നതിനായി പ്രൈവറ്റ് ഹോസ്പിറ്റൽ സർവയലൻസ് ടീം, വിമാനത്താവളങ്ങളിലെ സേവനത്തിനായി എയർപോർട്ട് മാനേജ്‌മെന്റ് ടീം, നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിന് ഇൻഫ്രാസ്ട്രക്ച്ചർ മാനേജ്മെന്റ് ടീം, മാനസിക പിന്തുണക്ക് സൈക്കോളജിക്കൽ സപ്പോർട്ട് ടീം, സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന് ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കോ ഓർഡിനേഷൻ ടീം, മാധ്യമ നിരീക്ഷണത്തിന് മീഡിയ സർവയലൻസ് ടീം, പ്രാദേശിക പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഫീൽഡ് ലെവൽ വോളന്റിയർ കോ-ഓർഡിനേഷൻ ടീം, സർവയലൻസ് ടീം തുടങ്ങി വിവിധ ടീമുകളായാണ് പ്രവർത്തനം.
ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ അനു.എസ് നായരാണ് കംപ്ലയൻസ് ടീമിനെ നയിക്കുന്നത്. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും ടീമുകളുടെ പ്രവർത്തന വിവരം അറിയാം. സഹായങ്ങൾക്കും വിവരങ്ങൾക്കും പൊതുജനങ്ങൾക്ക് കളക്ടറേറ്റ് കൺട്രോൾ റൂമിൽ – 1077 വിളിക്കാം. നിർബന്ധിത ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് നൽകുന്ന നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. നിബന്ധന പാലിക്കാത്തവർ പൊതുസ്ഥലങ്ങളിൽ കറങ്ങിനടന്നാൽ ഫോട്ടോയെടുത്ത് 9188610100 എന്ന വാട്‌സ് ആപ്പ് നമ്പരിലോ 1077 ലോ അറിയിക്കാമെന്നും കളക്ടർ അറിയിച്ചു.