അമിത ചാര്‍ജ് ഈടാക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും: ജില്ലാ കളക്ടര്‍

127

കാസറഗോഡ് : അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് കാസറഗോഡ് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു അറിയിച്ചു. സേവന നിരക്ക് രേഖപ്പെടുത്തിയ ചാര്‍ട്ടുകള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും അമിത ചാര്‍ജ് ഈടാക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പല കേന്ദ്രങ്ങളും പൊതുജനങ്ങളില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നുവെന്ന് കളക്ടര്‍ക്ക് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. കേന്ദ്രങ്ങള്‍ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ ഫേസ് ബുക്ക് പേജ് വഴിയോ പരാതി നല്‍കാമെന്നും കളക്ടര്‍ പറഞ്ഞു.

പല സ്ഥാപനങ്ങളും പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട അക്ഷയ ഡയറക്ടര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 2018ല്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക്‌സ്-വിവര സാങ്കേതികവിദ്യ വകുപ്പ് 2018 മെയ് ഒമ്പതിന് കേന്ദ്രങ്ങളുടെ സേവന ഫീസുകള്‍ പുതുക്കി നിശ്ചയിക്കുകയും ഔദ്യോഗികമായി നിരക്കു നിശ്ചയിക്കാത്ത സേവനങ്ങളുടെ നിരക്കുകള്‍ ക്രമപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് 2019ല്‍ വീണ്ടും പുതുക്കി നിശ്ചയിച്ചത്. നിലവില്‍ പൊതുജനങ്ങളില്‍ നിന്നും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന നിരക്കുകള്‍ ഇപ്രകാരമാണ്.

ഇ ഡിസ്ട്രിക്ട് സേവനങ്ങള്‍- ജനറല്‍ വിഭാഗത്തിന് 25 രൂപ, മുന്‍ഗണനാ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് 20 രൂപ. (രണ്ട് വിഭാഗത്തിനും സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി/എസ്.ടി വിഭാഗത്തിന് 10 രൂപ (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് രണ്ടു രൂപ വീതം പുറമെ) യൂട്ടിലിറ്റി ബില്‍ പെയ്മെന്റുകള്‍- 1000 രൂപ വരെ 15, 1001-5000 വരെ-25 രൂപ, 5000 ത്തിനു മുകളില്‍ തുകയുടെ 0.5 ശതമാനം.

പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങള്‍- 100 രൂപ വരെ 10 രൂപ, 101 മുതല്‍ 1000 രൂപ വരെ 15 രൂപ, 1001 മുതല്‍ 5000 വരെ 25 രൂപ. 5000 രൂപക്ക് മുകളില്‍ തുകയുടെ 0.5 ശതമാനം.
സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ ഒന്നിന് 40, (സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പടെ)
ഫുഡ് സേഫ്റ്റി രജിസ്ട്രേഷന്‍ (ഫോം എ)- 50 രൂപയും, ഫോം ബി- 80രൂപ, ഫുഡ് സേഫ്റ്റി പുതുക്കല്‍ ഫോം എ-25 രൂപ, ഫോം ബി-25 രൂപ ഇത് കൂടാതെ കൂടാതെ (പ്രിന്റിങും സ്‌കാനിങും പേജൊന്നിന് മൂന്നു രൂപവീതം).
കെ.ഇ.എ.എം. എന്‍ട്രന്‍സ് പരീക്ഷ അപേക്ഷാ സേവനം ജനറല്‍ വിഭാഗത്തിന് -60രൂപ, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ). എസ്‌സി/എസ്ടി വിഭാഗത്തിന് 50 രൂപ (സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പടെ).

ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ-60 രൂപ (സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പടെ), പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്-70 രൂപ (സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പടെ), കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍-40, (പ്രിന്റിങ്ങും സ്‌കാനിങ്ങും പേജൊന്നിന് മൂന്നു രൂപ).

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷ- 20 (സ്‌കാനിങ്ങും പ്രിന്റിങ്ങും ഉള്‍പ്പെടെ) വിവാഹ രജിസ്ട്രേഷന്‍-ജനറല്‍ വിഭാഗം 70, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി.എസ്.ടി-50, (പ്രിന്റിംഗ്, സ്‌കാനിംഗ് ഉള്‍പ്പടെ).

എന്‍കംബ്രന്‍സ് സര്‍ട്ടിഫിക്കറ്റ്- 50 രൂപ, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ). ലൈഫ് സര്‍ട്ടിഫിക്കറ്റ്-30 രൂപ (സ്‌കാനിങ്ങും പ്രിന്റിങ്ങും ഉള്‍പ്പെടെ).തൊഴില്‍വകുപ്പ് രജിസ്ട്രേഷന്‍-പുതിയതിന് 40, പുതുക്കല്‍-30 (സ്‌കാനിങ്ങും പ്രിന്റിങ്ങും ഉള്‍പ്പെടെ).

മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍-40, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം, പുറമെ+ പേയ്‌മെന്റ് ചാര്‍ജ്).

ഇന്‍കം ടാക്സ് ഫയലിങ്-ചെറിയ കേസുകള്‍ക്ക് 100, അല്ലാത്തവയ്ക്ക് 200 രൂപ. ഫാക്ടറി രജിസ്ട്രേഷന്‍ ഒറ്റത്തവണ-30 രൂപ, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ). പുതുക്കല്‍ 50, റിട്ടേണ്‍-40, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ).

പാന്‍ കാര്‍ഡ്-80 രൂപ, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ). പാസ്പോര്‍ട്ട്-200 രൂപ.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍-200. പി.എസ്.സി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍-ജനറല്‍ വിഭാഗം-60, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി, എസ്.ടി. 50 രൂപ (സ്‌കാനിംഗ്/പ്രിന്റിംഗ് ഉള്‍പ്പെടെ).

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍-50 (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ).
ആധാര്‍ ബയോമെട്രിക് നവീകരിക്കല്‍ 25 രൂപ. ആധാര്‍ ഡെമോഗ്രാഫിക് നവീകരിക്കല്‍ 25 രൂപ. ആധാര്‍ തിരയലും കളര്‍ പ്രിന്റ്ും (എ4 പേപ്പര്‍) എടുക്കലും 20 രൂപ (ബ്ലാക്ക് ആന്റ് വൈറ്റ് ആണെങ്കില്‍ 10 രൂപ). ബയോമെട്രിക് നവീകരിക്കലും ഡെമോഗ്രാഫിക് നവീകരിക്കലും ഒരു സമയത്ത് തന്നെയാണ് ചെയ്യുന്നതെങ്കില്‍ 25 രൂപ മാത്രം.
എസ്.സി, എസ്.ടി.വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ്സ് സേവനങ്ങള്‍- പുതിയ അപേക്ഷ സമര്‍പ്പിക്കല്‍ 40, അപേക്ഷ പുതുക്കുന്നതിന് 30 (സ്‌കാനിങ്ങും പ്രിന്റിങ്ങും ഉള്‍പ്പെടെ); എസ്.സി. പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്- അപേക്ഷ ഒന്നിന് പ്രിന്റിങ് ചാര്‍ജ് ഉള്‍പ്പെടെ 20 രൂപ.

പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ- 50 രൂപ (ഡേറ്റ എന്‍ട്രി, രേഖകളുടെ അപ്‌ലോഡിങ് ഉള്‍പ്പെടെ), റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട മറ്റു സര്‍വീസുകള്‍ക്ക് 25 രൂപ. ഒരു റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഒന്നിലധികം സര്‍വീസുകള്‍ക്ക് ആകെ 50 രൂപ. മൈനിങ്-ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ എന്റോള്‍മെന്റ് ( ഇ-പാസ്) 40 രൂപ. എല്ലാ സേവനങ്ങള്‍ക്കും രസീത് വാങ്ങി സുക്ഷിക്കേണ്ടതാണ്.
സൗജന്യ സേവനങ്ങള്‍

അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍

1. ആധാര്‍ എന്റോള്‍മെന്റ്
2. കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്
3. വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന്/ആധാര്‍ തല്‍സ്ഥിതി അന്വേഷണം.
4. 5 വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമെട്രിക് നവീകരിക്കല്‍
5. പട്ടികജാതി വകുപ്പുമായി ബന്ധപ്പെട്ട ടി-ഗ്രാന്റ് സേവനം

പരാതികള്‍ അറിയിക്കാം

അക്ഷയ കേന്ദ്രങ്ങളിലെ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും സംശയനിവാരണത്തിനും 155300 (ബിഎസ്എന്‍എല്‍), 0471 2115098, 2115054, 2335523 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ദുരിതക്കയത്തില്‍

NO COMMENTS