സജീവമായി ജില്ലാ അതിര്‍ത്തി

87

തിരുവനന്തപുരം : അയല്‍ സംസ്ഥാനത്തു നിന്നും ദിവസേന നിരവധി ആളുകൾ എത്തിത്തുടങ്ങിയതോടെ ജില്ലാ അതിർത്തിയായ ഇഞ്ചി വിള സദാ ഉണർന്നിരിക്കുകയാണ്. പൊലീസും മെഡിക്കൽ സംഘവും മറ്റ് ഉദ്യോഗസ്ഥരും കർമ്മനിരതരായി പ്രവർത്തിക്കുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് അതിർത്തി കടത്തി ആളുകളെ വിടുന്നതെങ്കിലും രാത്രി വൈകിയും യാത്രക്കാർ എത്തുന്നുണ്ട്. അതിനാൽ തന്നെ 24 മണിക്കുറും അതിർത്തി ഉണർന്നിരിക്കുന്നു.

വൈകിയെത്തുന്നവർക്ക് തങ്ങാകാൻ താൽകാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 500 പേർക്ക് വരെ ഇവിടെ വിശ്രമിക്കാം. ഭക്ഷണം, കുടിവെള്ളം , സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വ്യത്യസ്ത വിശ്രമ മുറികള്‍, ആരോഗ്യ പരിശോധനാ സംവിധാനം, ആംബുലന്‍സ്, വീല്‍ചെയര്‍ സൗകര്യം, എന്നിവയും ഇവിടെ ലഭിക്കും. റോഡിന് ഇരുവശവും പാര്‍ക്കിംഗ് സൗകര്യം സജ്ജീകരിച്ചു.

ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അണുവിമുതമാക്കി തെര്‍മല്‍ സ്‌കാനിംഗ് നടത്തും. രോഗലക്ഷണമുള്ളവരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ വീടുകളിലേക്ക് അയച്ച് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. റെഡ് സോണിൽ നിന്ന് വരുന്നവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റും.

ടോക്കൺ സംവിധാനത്തിലൂടെയാണ് അതിർത്തിയിൽ മെഡിക്കൽ പരിശോധന നടക്കുന്നത്. യാത്രക്കാരുടെ വിവരങ്ങും ഫോമുകളിൽ രേഖപ്പെടുത്തും. നാല് ഡോക്ടർമാർ, നാല് പാരാ മെഡിക്കൽ സ്റ്റാഫ് , നാല് വോളൻഡിയർമാർ എന്നിവരാണ് യാത്രക്കാരെ പരിശോധിക്കാനായി ഇവിടെയുള്ളത്. ഇതു കൂടാതെ 2 ഡോക്ടർമാരും 2 മെഡിക്കൽ പി.ആർ.ഒമാരും ഇവിടെ സന്നിഹിതരാണ്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയെത്തുന്നവര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കും മുൻഗണന നൽകും. കൃത്യമായ ഇടവേളകളില്‍ പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്

NO COMMENTS