നടന്‍ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്;ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ.

223

കൊച്ചി: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ശ്രീനിവാസനെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്രീനിവാസന്‍ ശ്വസിക്കുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നത്. അതേസമയം നടന്‍ അപകട നില തരണം ചെയ്തതായും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതര്‍ പറയുന്നു.

ബുധനാഴ്ച രാവിലെ 9.30തോടെയാണ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പാലാരിവട്ടത്തെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി എത്തിയതായിരുന്നു ശ്രീനിവാസന്‍. എന്നാല്‍ കാറില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ ആവാത്ത വിധം ശ്രീനിവാസന്‍ അവശനായി. ശ്വാസതടസ്സവും നെഞ്ച് വേദനയും ആയിരുന്നു കാരണം.അതോടെ അതേ വാഹനത്തില്‍ തന്നെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശ്രീനിവാസനെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയനാക്കി. രക്ത സമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞതാണ് ശ്വാസം മുട്ടലിന് കാരണമായത് എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.

ജോലി സമ്മര്‍ദ്ദം മൂലമാകാം രക്തസമ്മര്‍ദം ഉയര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീനിവാസനെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. ശ്രീനിവാസന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. ശ്വാസകോശത്തില്‍ നിന്നും ഫ്‌ളൂയിഡ് മാറ്റാനുളള ചികിത്സയാണ് നടന് ചെയ്ത് കൊണ്ടിരിക്കുന്നത്.ഹൃദയാഘാതത്തിനുളള സാധ്യത കണക്കിലെടുത്താണ് വെന്റിലേറ്റര്‍ സഹായം നല്‍കിയിരിക്കുന്നത്. നിലവില്‍ ശ്രീനിവാസന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വ്യാഴാഴ്ചയോടെ ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഭാര്യ വിമല, മക്കളായ ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നടന്മാരായ നിവിന്‍ പോളി, അജു വര്‍ഗീസ്, ദിലീപ് അടക്കമുളള ടലച്ചിത്ര രംഗത്തെ പ്രമുഖര്‍ ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചു.62കാരനായ ശ്രീനിവാസന്‍ നേരത്തെ തന്നെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സയില്‍ ആയിരുന്നു.

ചികിത്സാ രേഖകള്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തെ അങ്ങോട്ടേക്ക് മാറ്റുന്നതിനെ കുറിച്ച്‌ ആലോചിച്ചിരുന്നു.നിലവില്‍ കാര്‍ഡിയോളജി വിദഗ്ധര്‍ അടക്കമുളള ഡോക്ടര്‍മാരുടെ സംഘമാണ് ശ്രീനിവാസനെ ചികിത്സിക്കുന്നത്.ഇക്കഴിഞ്ഞ ജനുവരിയിലും ശ്രീനിവാസന്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അന്ന് നടന്‍ ആശുപത്രി വിട്ടത്. രക്തത്തിലെ പഞ്ചസാരയിലുണ്ടായ വ്യത്യാസമായിരുന്നു അന്ന് കുഴഞ്ഞ് വീഴാനുണ്ടായ കാരണം.

NO COMMENTS