ചെന്നൈ: റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് നടൻ വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. നടന്‍ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമായി.കഴിഞ്ഞ മാസം ആദ്യത്തില്‍ ആദായ നികുതി വകുപ്പ് വിജയിയെ സിനിമാ ചിത്രീകരണ വേളയില്‍ കസ്റ്റഡിയിലെടുക്കുകയും വീട്ടിലെത്തിച്ച് വിശദമായ പരിശോധന നടത്തിയതും ഏറെ വിവാദമായിരുന്നു. ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി.
കഴിഞ്ഞ മാസം നെയ്‌വേലിയില്‍ വച്ച് മാസ്റ്റര്‍ ചിത്രീകരണത്തിനിടെയാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്. ശേഷം അദ്ദേഹത്തിന്റെ സലിഗ്രാമം, പനിയൂര്‍ എന്നിവിടങ്ങളിലെ വീടുകളിലും റെയ്ഡ് നടന്നു. വിജയ് ചിത്രമായ ബിഗിലിന്റെ നിര്‍മാതാക്കളുമായി ബന്ധമുള്ള അന്‍പു ചെഴിയന്റെ പണമിടപാടില്‍ സംശയം പ്രകടിപ്പിച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയിടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. അന്‍പു ചെഴിയന്‍ 165 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അന്‍പുചെഴിയനുമായി ബന്ധമുള്ള ചെന്നൈയിലെയും മധുരയിലെയും സ്ഥലങ്ങളില്‍ നിന്ന് 77 കോടി രൂപയും 1.25 കിലോഗ്രാം സ്വര്‍ണവും കണ്ടെത്തിയിരുന്നു.
രാഷ്ട്രീയ പക വീട്ടുകയാണ് താരത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ ലക്ഷ്യമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 35 മണിക്കൂറോളമാണ് വിജയിയുടെ വീട്ടില്‍ അന്ന് പരിശോധന നടന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിരുന്ന വിജയുടെ വീട്ടിലെ മുറികള്‍ കഴിഞ്ഞ ദിവസം തുറന്നു കൊടുത്തുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തമിഴ്‌നാട്ടില്‍ പല ഭാഗങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയഡ് തുടരുകയാണ്. വിജയ് നായകനാകുന്ന മാസ്റ്റര്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ലളിത് കുമാറിന്റെ ഓഫീസിലും വീട്ടിലും കഴിഞ്ഞദിവസം റെയ്ഡ് നടന്നിരുന്നു.
മെര്‍സല്‍ എന്ന വിജയ് ചിത്രത്തില്‍ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം, ജിഎസ്ടി എന്നിവയെ രൂക്ഷമായി വിമര്‍ശിച്ചത് വിവാദമായിരുന്നു. സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ സര്‍ക്കാരിന്റെ പദ്ധതികളെയും വിമര്‍ശിച്ചു. തൂത്തുകുടിയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പട്ട സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരക്കാരുടെ വീടുകള്‍ വിജയ് സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്ന് വിധിയെഴുതപ്പെട്ടു.
ഫെബ്രുവരിയില്‍ ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കൂടാതെ അന്‍പുചെഴിയന്റെ ഓഫീസിലും വീടുകളിലും റെയ്ഡ് നടന്നു. പിന്നീടാണ് വിജയുടെ വീട്ടിലുമെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളെയും രൂക്ഷമായി വിമര്‍ശിച്ച വിജയുടെ വീട്ടിലെ റെയ്ഡിന് പല അര്‍ഥങ്ങളും കല്‍പ്പിക്കപ്പെടുന്നു.