ബദിയടുക്ക. ടൗണിൽ ഫാൻസി സെന്റർ നടത്തുന്ന ശ്രീനിവാസ റാവുവിന്റെ പൂട്ടിയിട്ട വീട്ടിൽ നിന്നാണ് വാതിലിന്റെ പൂട്ട് പൊളിച്ച് 80 പവനും 2 ലക്ഷം രൂപയും കവർന്നത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് വീട് പൂട്ടി റാവുവും കുടുംബവും കൊൽക്കത്തയിലേക്ക് പോയത്.ഇന്നലെ രാവിലെ 6:30 ന് ചെടിക്ക് വെള്ളമൊഴിക്കാനേല്പിച്ച തൊഴിലാളിയാണ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്.
ബന്ധുക്കൾ വിവരമറിയിച്ചു ഇവരുടെ സാനിധ്യത്തിൽ അകത്ത് പരിശോധന നടത്തിയപ്പോൾ താഴത്തെ നിലയിലെ കിടപ്പുമുറിയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തി. അലമാരയും കുത്തിത്തുറന്നെങ്കിലും മോഷ്ടാവിന് ഒന്നും ലഭിച്ചില്ല.
മുകളിലെ കിടപ്പുമുറിക്കകത്തെ അലമാരയിലാണ് സ്വർണം ഉണ്ടായിരുന്നത്. ഇവിടെ സ്വർണാഭരണ ങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ 80 പവൻ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയുമുണ്ടായിരുന്നതായാണ് റാവു ബന്ധുക്കളോട് പറഞ്ഞത്. റാവു ഇന്ന് നാട്ടിലെത്തും. ഫോറൻസിക്ക് ഉദ്യോഗസ്ഥരും പോലീസ് നായയും പരിശോധന നടത്തി.
റാവു എത്തിയതിന് ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളുവെന്ന് ബദിയടുക്ക പോലീസ് അറിയിച്ചു