തദ്ദേശ വോട്ടർപട്ടികയിൽ എപ്പോൾ വേണമെങ്കിലും പേരു ചേർക്കുന്നത് പരിഗണനയിൽ

20

കണ്ണൂർ : അർഹരായവർക്ക് തദ്ദേശ വോട്ടർപട്ടികയിൽ എപ്പോൾ വേണമെങ്കിലും പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള ക്രമീകരണം ഏർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് നടത്തുന്ന പൊതുതിരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സംസ്ഥാനതല യോഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

മട്ടന്നൂർ നഗരസഭയുടെ കാലാവധി സെപ്തംബർ 10 ന് അവസാനിക്കും. തിരഞ്ഞെടുപ്പിനായി കരടു വോട്ടർപട്ടിക ജൂൺ അവസാനം പ്രസിദ്ധീകരിക്കും. നിലവിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് കരട് പ്രസിദ്ധീകരിക്കുക. ഈ വർഷം ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായ അർഹതപ്പെട്ടവർക്ക് പേര് ചേർക്കാം. പ്രവാസി ഭാരതീയർക്കും പേര് ചേർക്കാൻ അവസരമുണ്ടാകും.നഗരസഭയിലെ 35 വാർഡുകളിൽ 18 എണ്ണം സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. സംവരണ വാർഡുകൾ 9 ന് കണ്ണൂർ കളക്ടറേറ്റിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. ചെയർപേഴ്‌സൺ സ്ഥാനം ജനറലും ഡെപ്യൂട്ടി ചെയർപേഴ്‌സൺ സ്ത്രീ സംവരണവുമാണ്.

മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ 35 പോളിംഗ് ബൂത്തുകളുണ്ട്. സ്ഥാനാർത്ഥികൾക്ക് നിക്ഷേപം ട്രഷറിയിൽ ഒടുക്കുകയോ വരണാധി കാരിക്ക് നേരിട്ട് നൽകുകയോ ചെയ്യാം. മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ നഗരസഭാ പ്രദേശത്ത് ബാധക മായിരിക്കും.

പോളിംഗ് സാധനങ്ങൾ ബൂത്തുകളിൽ നേരിട്ട് എത്തിക്കുന്നതിനും തിരികെ വാങ്ങുന്നതിനും സെക്ടറൽ ഓഫീസർമാരെ നിയമിക്കും. വോട്ടെടുപ്പ് ഇ.വി.എം ഉപയോഗിച്ച് രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെയാണ്. ക്രമസമാധാനപാലനത്തിന് നടപടി സ്വീകരിക്കും. വെബ്കാസ്റ്റിംഗ്, വീഡിയോഗ്രാഫി എന്നിവ ആവശ്യമെങ്കിൽ ഏർപ്പെടുത്തും. സുഗമവും സുതാര്യവുമായ പ്രവർത്തന ങ്ങൾക്ക് നിരീക്ഷകരെ ചുമതലപ്പെടുത്തും. വോട്ടെണ്ണൽ ഫലം TREND ലൂടെ അപ്പോൾ തന്നെ ലഭ്യമാക്കും.

ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. കോവിഡ് 19 വ്യാപനമുണ്ടെങ്കിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
സ്ഥാനാർത്ഥിക്ക് പരമാവധി 75000 രൂപ വരെ ചെലവഴിക്കാം. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഫലപ്രഖ്യാപനം മുതൽ 30 ദിവസത്തിനകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകണം.

ജില്ലാതലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കണ്ണൂരിൽ ജില്ലാ കളക്ടർ പിന്നീട് വിളിക്കും.
ഇബ്രാഹിംകുട്ടി പി.കെ, എം. മുഹമ്മദ് (ബി.എസ്.പി), അഡ്വ. ജെ.ആർ പത്മകുമാർ (ബി.ജെ.പി), അഡ്വ. എൻ. രാജൻ മുൻ എം.എൽ.എ (സി.പി.ഐ), പി. പുരുഷോത്തമൻ, കെ.വി ബിജുലാൽ (സി.പി.എം), എം.കെ റഹ്‌മാൻ, ബി. ഹരീന്ദ്രനാഥൻ നായർ, അഡ്വ. മണപ്പുറം ശ്രീലാൽ (ഐ.എൻ.സി), ബീമാപള്ളി റഷീദ് (ഐ.യു.എം.എൽ), കെ. മനോജ് (ജനതാദൾ (എസ്), മോഹനൻ വി. (ആർ.എസ്.പി), രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ (കോൺഗ്രസ്സ് (എസ്), സണ്ണി തോമസ് (എൽ.ജെ.ഡി), കരുമം സുന്ദരേശൻ (കേരള കോൺഗ്രസ്സ് (ജേക്കബ്) എന്നീ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കമ്മീഷൻ സെക്രട്ടറി എ. സന്തോഷും പ്രൈവറ്റ് സെക്രട്ടറി കെ.വി മുരളീധരനും യോഗത്തിൽ പങ്കെടുത്തു.

NO COMMENTS