സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പരിശോധന; എ ഡി ജി പി മനോജ് എബ്രഹാം നാളെ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.

159

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ പരിശോധനയെ സംബന്ധിച്ചു ഡ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ ചൈത്ര തെരേസ ജോണിനെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എ ഡി ജി പി മനോജ് എബ്രഹാം നാളെ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കും. ചൈത്ര തന്റെ വിശദീകരണം എഡിജിപിക്ക് നല്‍കി.സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ചൈത്ര തെരേസ ജോണ്‍ വിശദീകരണം നല്‍കി.

സംഭവത്തില്‍ ചൈത്രക്കെതിരെ കടുത്ത ശുപാര്‍ശകര്‍ ഉണ്ടാകില്ലെന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കല്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറി‌ഞ്ഞ കേസിലെ പ്രതികള്‍ക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരേസ ജോണിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്.

ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്‌ പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തി‍ന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസില്‍ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ചൈത്ര തേരസ ജോണിനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്. ഉണ്ടായ കാര്യങ്ങള്‍ ഡിസിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് വിവരം.

ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കമ്മീഷണര്‍ അന്വേഷണം നടത്തുന്നത്. ആദ്യ പടിയായി ചൈത്ര തേരസ ജോണിനോട് കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു.ബിജെപിയുടെയും ശബരിമല ക‍ര്‍മസമിതിയുടെയും ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ ചൈത്ര തേരസ ജോണ്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടി. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികള്‍ ഒളിവില്‍ പോയപ്പോള്‍ എന്‍ജിഒ യൂണിയന്‍ ഓഫീസ് റെയ്ഡ് ചെയ്തതും ചൈത്ര തന്നെ.

NO COMMENTS