20 സേവനങ്ങള്‍ക്ക് കൂടി ആധാര്‍ നിര്‍ബന്ധമാവും

192

പാസ്‌പോര്‍ട്ട്, ഇന്‍ഷുറന്‍സ്, സിംകാര്‍ഡ് എന്നിവയടക്കം 20 സേവനങ്ങള്‍ക്ക് കൂടി ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അടുത്ത വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ആധാര്‍ കാര്‍ഡ് ഉറപ്പുവരുത്താന്‍ ആധാര്‍ കാര്‍ഡ് അതോറിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കേയാണ് കൂടുതല്‍ മേഖലകളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം. കമ്പനികളുടെ രജിസ്‍ട്രേഷന്‍, ബാങ്ക് അക്കൗണ്ട്, ക്ഷാമബത്ത, പാസ്‌പോര്‍ട്ട്, വാഹന-വസ്തു രജിസ്‍ട്രേഷന്‍, ഇന്‍ഷുറന്‍സ്, സിം കാര്‍ഡ്, കേന്ദ്രസര്‍വ്വീസുകളിലേക്കുള്ള പരീക്ഷ എന്നിവയടക്കം 20 പുതിയ മേഖലകളില്‍ കൂടി ആധാര്‍ നിര്‍ബന്ധമാക്കും. സര്‍വ്വശിക്ഷ അഭിയാന്‍, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി എന്നിവ അടക്കമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്ലാ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും.
അടുത്ത മാസത്തോടെ 18 വയസ്സില്‍ മുകളിലുള്ള മുഴുവന്‍പേര്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. നിലവില്‍ ആറ് മേഖലകളുമായാണ് ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 78 ശതമാനം പാചകവാതക കണക്ഷനും 61 ശതമാനം റേഷന്‍ കാര്‍ഡും, 69 ശതമാനം തൊഴിലുറപ്പ് തൊഴിലാളികളേയും ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞു. ആധാറില്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും കൂടുതല്‍ മേഖലകളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY