മലപ്പുറം: നിലമ്പൂരിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ, അധ്യാപകര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി ആരോപണം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
നിലമ്പൂരിലെ സമീപമുള്ള ആദിവാസി കോളനികളിലെ 504 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ഇന്ദിരാ ഗാന്ധി സ്മാരക മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍. ഒന്ന് മുതല്‍ 12ആം ക്ലാസുവരെയാണ് ഇവിടെ ചോലനായക്കര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തിലുള്ള കുട്ടികളാണുള്ളത്. മുന്‍ പി.ടി.എ. പ്രസിഡന്‍റും സാമൂഹ്യ പ്രവര്‍ത്തകയുമായ എം.ആര്‍. ചിത്രയോടാണ് സ്കൂളിലെ ഏതാനും കുട്ടികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്.
ഇക്കാര്യം പ്രധാന അധ്യാപികയോട് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നുമാണ് ആക്ഷേപം. അധ്യാപകര്‍ക്കെതിരായ ആരോപണം സ്കൂള്‍ അധികൃതര്‍ നിഷേധിച്ചു. ഇതോടെ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന് ഇത് കൈമാറുകയും ചെയ്തു. കുട്ടികളുടെ മൊഴിയെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടനുണ്ടാകും.