ശസ്ത്രക്രിയക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി വയറിനുള്ളില്‍ വച്ച്‌ തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് വീട്ടമ്മ അണുബാധയേറ്റ് മരിച്ചു

236

പത്തനംതിട്ട : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി വയറിനുള്ളില്‍ വച്ച്‌ തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് വീട്ടമ്മ അണുബാധയേറ്റ് മരിച്ചു. പത്തനം തിട്ട അഴൂര്‍ ഇളങ്ങള്ളൂര്‍ സ്വദേശിനി അമ്ബിളിയാണ് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ച്‌ മരണപ്പെട്ടത്. കഴിഞ്ഞ മാസം പത്തിനാണ് അമ്ബിളിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വയറിനുള്ളില്‍ കടുത്ത അണുബാധയുണ്ടെന്ന് പരിശോധയില്‍ കണ്ടെത്തി. തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ വയറിനുള്ളില്‍ നിന്നും പഞ്ഞിക്കെട്ട് പുറത്തെടുക്കുകയായിരുന്നു. അണുബാധയേറ്റ് വയറ്റിലെ ആന്തരികാവയങ്ങളും കുടലും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമ്ബിളിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വയറു വേദനയുണ്ടായതിനെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അമ്ബിളിയ്ക്ക് സ്കാനിങ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കുഴപ്പമൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഡോക്ടര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY