മനുഷ്യനെ സ്നേഹിച്ച ഒട്ടകം എന്ന പുസ്തകം കേരളീയ സമൂഹം വായിച്ചിരിക്കേണ്ടതാണെന്നും അതുകൊണ്ട് തന്നെ മറ്റുള്ളവരെ ക്കൊണ്ട് വായിപ്പിക്കണമെന്നും മണലാരണ്യം കേരളീയ ജീവിതത്തിന്റെ ഭാഗമാണെന്നും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവു മായ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു .ഓഗസ്റ്റ് 7 ഞായറാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് പ്രകാശന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
മുഹമ്മദ് ബഷീർ 45 വയസ്സിനു ശേഷമാണ് ബാല്യകാലസഖി എഴുതുന്നത് അതുവരെ നമുക്കൊന്നും അനുമാനിക്കാൻ കഴിയാത്ത രീതിയിലുള്ള കഷ്ടപ്പാടുകൾ അദ്ദേഹം സഹിച്ചു. അതുപൊലെ വളരെ അനുഭവസമ്പത്ത് ആയ ജീവിതം നയിച്ചിട്ടാണ് പത്രപ്രവർത്ത കനും എഴുത്തുകാരനുമായ പി മാഹീൻ ഈ നോവൽ എഴുതിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.പി മാഹീൻ എഴുതിയ കടിഞ്ഞൂൽ നോവലാണ് ‘ മനുഷ്യനെ സ്നേഹിച്ച ഒട്ടകം’ .അറബിക് കഥകളിലെയും ക്‌ഷേക്സ്പിയർ നാടകങ്ങളിലെയും കഥാപാത്രങ്ങളെ ഈ കൃതിയിലെ കഥാപാത്രങ്ങൾ അനുസ്മരിപ്പിക്കുന്നു, മനുഷ്യരെല്ലാം പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയേണ്ടവവരാണെന്നും ആരോപണങ്ങൾ കേട്ടാൽ നിജസ്ഥിതി അന്വേഷിക്കാതെ എടുത്തുചാടി പ്രവർത്തിക്കരുത് എന്ന സന്ദേശവുമാണ് ഈ കൃതി നൽകുന്നത്.
2002-2005 കാലയളവിൽ എസ്.സി.ഇ. ആർ.ടി.യിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച മാഹീൻ വിവിധ സാമൂഹിക, സാംസ്കാരിക മനുഷ്യാവകാശ സംഘടനകളിൽ സഹകരിക്കുന്നതോടൊപ്പം അദ്ദേഹം 400-ലേറെ ഇംഗ്ലീഷ് കവിതകളും നിരവധി മലയാള കവിതകളും എഴുതിയിട്ടുണ്ട്.
ഓരോ രാത്രിയും പ്രഭാതത്തെ ഗർഭം ധരിക്കും. ദുഃഖങ്ങളും പീഡനങ്ങളും വരാനിരിക്കുന്ന ആനന്ദത്തിന്റെ നാന്ദിയാണ് . മാവ് പൂക്കുമ്പോൾ മഴ പെയ്യരുത് . മനുഷ്യരെല്ലാം നാം പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയേണ്ടവരാണ് . എന്നിങ്ങനെ ദാർശനിക പ്രയോഗങ്ങളും ഉപകഥകളും കൊണ്ട് സമ്പന്നമാണ് ഈ കൃതി.
പുത്തൻ പ്രമേയവും തനതായ ആഖൃന ശൈലിയും ഭാഷയും ഒട്ടകമുൾപ്പടെയുള്ള കഥാപാത്രങ്ങളുമാണ് ഈ കൃതിയുടെ സവിശേഷത. ഒരു ഉത്തമ നോവലിന് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്. ഒരു നോവലിനെ ആകർഷകമാക്കുന്നത് അതിൻറെ കഥയല്ല ആ കഥ അവതരിപ്പിക്കുന്ന രീതിയാണ് അത്തരത്തിലുള്ള ക്രാഫ്റ്റിംഗ് ആണ് ഈ കൃതിയുടെ സവിശേഷത. ഭർത്താവ് മാലിക്കിനെ അന്വേഷിച്ച് കൊള്ളക്കാരും ഹിംസ ജന്തുക്കളുമുള്ള മണലാരണ്യത്തിൽ പേടിച്ചു വിറച്ചു വിലപിക്കുന്ന സോനയെ അവതരിപ്പിച്ച നാടകീയതയും ആകാംക്ഷ സൃഷ്ടിച്ചുകൊണ്ടാണ് ഈ നോവലിന്റെ തുടക്കം.
ഡോ. എം. ആർ. തമ്പാൻ (മുൻ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) ആധ്യക്ഷ്യനായിരുന്ന ചടങ്ങിൽ ഡോ. പി. നസീർ (മുൻ ഡയറക്ടർ, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ) സ്വാഗതം പറഞ്ഞു. ഉദ്ഘാടനം കർമ്മം മുൻ മന്ത്രി എം.എം. ഹസൻ നിർവഹിച്ചു. വി.എ. ശുക്കൂർ (ആശയം ബുക്സിൻറെ ഡയറക്ടർ) പുസ്തകത്തെ പരിചയപ്പെടുത്തി. ഡോ, കായംകുളം യൂനുസ് (കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ) അടൂരിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. ബീനാ ജയചന്ദ്രൻ, ഡോ. എ. നിസാറുദ്ദീൻ, ഡോ. എൻ ഷിറാസ് ബാവ, ഡോ. എ. മുഹമ്മദ് കബീർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ച ശേഷം നോവലിസ്റ്റ് പി. മാഹീന്റെ നന്ദി വാക്കുകളോടെ ചടങ്ങ് അവസാനിച്ചു