മഴവെള്ളത്തെ സംരക്ഷിക്കാന്‍ ആദൂര്‍ കോയ കുട്‌ലു കുളം

121

കാസറഗോഡ് : മഴവെള്ളത്തെ പരിപാലിച്ച് ഭൂഗര്‍ഭ ജലസംരക്ഷണം സാധ്യമാക്കുകയാണ് ആദൂര്‍ കോയ കുട്‌ലു കുളം. കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡായ ആദൂരില്‍ ആണ് ഈ കുളം സ്ഥിതി ചെയ്യുന്നത്. എട്ട് വര്‍ഷത്തിലേറെ പഴക്കമുള്ള കുളമാണിത്. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് മണ്ണ് വീണ് കുളം ഇടിഞ്ഞിരുന്നു.

2018 ഡിസംബറില്‍ കുളം നവീകരണം തുടങ്ങി. കുളത്തിലെ ചളിയൊക്കെ നീക്കംചെയ്ത് ആഴം കൂട്ടി.പിന്നീട് കുളത്തില്‍ മണ്ണ് വീഴാതിരിക്കാനും നല്ലൊരു മഴ വെള്ള സംഭരണിയായി കുളത്തെ മാറ്റാനുമായി കുളത്തിന് ചുറ്റും കയര്‍ ഭൂവസ്ത്രം വിരിച്ചു. കുളത്തിന്റെ നവീകരണ പ്രവര്‍ത്തനത്തിന് കാറഡുക്ക പഞ്ചായത്തിനോടൊപ്പം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും ഒപ്പം നിന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിച്ചതും കയര്‍ ഭൂവസ്ത്രം വിരിച്ചതും. കുളം നവീകരണത്തിനും കയര്‍ ഭൂവസ്ത്രത്തിനുമായി രണ്ട് ലക്ഷം രൂപയാണ് ചെല വഴിച്ചത്. ഇതോടെ കുളത്തിലേക്ക് മണ്ണിടിച്ചിലുണ്ടാവുമോ എന്ന ഭയം മാറി. കുളത്തിലെ ജലം നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്നു.കുളത്തിലൂടെ മഴവെള്ളം പരിപാലിക്കാനും മഴവെള്ളത്തെ ഭൂമിക്കടിയിലേക്ക് ഇറക്കി വിടാനും കഴിയുന്നു.

കുളത്തിലെ ഭൂഗര്‍ഭ ജല സംരക്ഷണത്തിലൂടെ സമീപത്തുള്ള കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരുകയും ചെയ്യുന്നു.കുളത്തിന്റെ സമീപ പ്രദേശത്തായി 900 ത്തോളം വീടുകള്‍ ഉണ്ട്. ഈ വീട്ടുകാര്‍ക്കെല്ലാം കുളം അനുഗ്രഹമാണ്.കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന കുളമായതിനാല്‍ വേനല്‍ക്കാലത്തും കൃഷിക്ക് ഈ കുളം ഏറെ പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

NO COMMENTS