ഗ്രാമങ്ങളുടെ സ്‌നേഹവായ്പ് – തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കളക്ഷൻ പോയിന്റിൽ സഹായപ്രവാഹം

114

തിരുവനന്തപുരം : പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന വടക്കൻ ജില്ലകൾക്ക് സഹായവുമായി തിരുവനന്തപുരത്തെ ഗ്രാമങ്ങൾ. ത്രിതല പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നടന്ന വിഭവ സമാഹരണയജ്ഞം വൻവിജയമായപ്പോൾ ജില്ലാ പഞ്ചായത്തിലെ കളക്ഷൻ പോയിന്റിലേക്ക് സഹായപ്രവാഹം. ദുരിതാശ്വാസ സാമഗ്രികളുമായി ലോറികൾ കളക്ഷൻ പോയിന്റിൽ നിന്ന് ദുരിതബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചു.

കെഎംഎസ്ആർഎ, ജില്ലാ ആശുപത്രികൾ, പാലിയേറ്റീവ് യൂണിറ്റുകൾ, ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മെഡിക്കൽ ഷോപ്പുകൾ എന്നിവ ചേർന്ന് സമാഹരിച്ച 15 ലക്ഷം രൂപയുടെ അവശ്യ മരുന്നുകളുടെ ലോഡ് ബുധനാഴ്ച ധനമന്ത്രി ടി എം തോമസ് ഐസക്ക് ഫ്ളാഗ് ഓഫ് ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ കളക്ഷൻ പോയിന്റ് സന്ദർശിച്ച് നിർദേശങ്ങൾ നൽകി.

ചൊവ്വാഴ്ച പുറപ്പെട്ട നാല് ലോഡുകൾക്ക് പുറമെ ബുധനാഴ്ച രാത്രിയോടെ ആറ് ലോഡുകൾ കൂടി പുറപ്പെടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അറിയിച്ചു. ദുരിതമനുഭവിക്കുന്നവരോട് സഹാനുഭൂതിയോടെ പൊതുജനങ്ങളും അകമഴിഞ്ഞ് സഹായിച്ചതിനാലാണ് വിഭവസമാഹരണം വൻവിജയമായതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസമായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും വിവിധ സ്‌കൂളുകളിലും കളക്ഷൻ പോയിന്റുകൾ പ്രവർത്തിച്ചുവരികയാണ്. ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും മറ്റ് സന്നദ്ധസംഘടനകളും ചേർന്ന് കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളും ഗ്രന്ഥശാലാ സംഘം, കുടുംബശ്രീ പ്രസ്ഥാനങ്ങളും വിഭവസമാഹരണ യജ്ഞത്തിൽ പങ്കാളികളായി.

ബുധനാഴ്ച രാവിലെ മുതൽ കൂടുതൽ യുവാക്കൾ വളണ്ടിയർമാരായി എത്തിയതോടെ ജില്ലാ പഞ്ചായത്ത് ഓഫീസിലെ കളക്ഷൻ പോയിന്റിൽ ആവേശം നിറഞ്ഞു. വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും സംഭരിച്ച് എത്തിച്ച അവശ്യ സാധനങ്ങൾ തരംതിരിച്ച് അടുക്കുന്നതിനും വാഹനങ്ങളിൽ കയറ്റുന്നതിനും യുവാക്കളുടെ സജീവ പങ്കാളിത്തമുണ്ടായി.

ചൊവ്വാഴ്ച രാത്രി വൈകിയും ശ്രീകാര്യം ഗവ. എൻജിനിയറിങ് കോളേജിലെ വളണ്ടിയർമാർ കളക്ഷൻ പോയിന്റിൽ സജീവമായിരുന്നു. കുടുംബശ്രീ, ഗ്രന്ഥശാലാ സംഘം പ്രവർത്തകരും വിഭവ സമാഹരണത്തിലും കളക്ഷൻ പോയിന്റിലെ പ്രവർത്തനങ്ങളിലും പങ്കെടുത്തു.

ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, കുടിവെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്ക് പുറമെ ശുചീകരണ സാമഗ്രികളും ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്. കളക്ഷൻ പോയിന്റിന്റെ പ്രവർത്തനം തുടരും.

NO COMMENTS