കാബൂള്‍ : താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്റഫ് ഗനി. താലിബാന് രാഷ്ട്രീയ കക്ഷി പദവി നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരാറിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസുമായി ചര്‍ച്ചകള്‍ക്കു നേരത്തെ താലിബാന്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അഫ്ഗാന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടി പദവി നല്‍കുന്നതിന് പകരമായി താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണഘടനയേയും സര്‍ക്കാറിനെയും അംഗീകരിക്കണം. ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അതിനുശേഷം താലിബാന് പദവി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം മാത്രമായി താലിബാന്‍ നടത്തിയ ആക്രമണത്തില്‍ പതിനായിരത്തില്‍ അധികം അഫ്ഗാന്‍ പൗരന്മാരാണ് മരിച്ചത്. ഇതാണ് ഇത്തരമൊരു നീക്കവുമായി രംഗത്തുവരാന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചത്. യുഎസുമായി നേരിട്ടു ചര്‍ച്ചക്ക് തയാറെടുക്കുന്നതായി താലിബാന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. യുഎസ് സൈന്യം ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് അടുത്തിടെ താലിബാന് കനത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.