കാബൂൾ: അഫ്ഗാനിസ്താനിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 117 ആയതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 150ലേറെ വീടുകൾ തകർന്നതായും അഞ്ഞൂറിലധികം മൃഗങ്ങൾക്ക് ജീവഹാനിയുണ്ടായതായും റിപ്പോർട്ടുണ്ട്. 1000 ഹെക്ടറോളം കൃഷിഭൂമി നാശമായി. ദുരന്ത സ്ഥലത്തേക്ക് രക്ഷാ പ്രവർത്തകരെ അയച്ചിട്ടുണ്ടെങ്കിലും മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ മരണ നിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അഫ്ഗാൻ മന്ത്രാലയ വക്താവ് ഒമർ മുഹമ്മദിയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനിലും ഹിമപാതത്തെത്തുടര്‍ന്ന് അപകടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.