അഫ്ഗാനിൽ തുടർസ്ഫോടനങ്ങളിൽ 25 മരണം

192
Photo courtsy : manorama online

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ വ്യത്യസ്ത ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരയിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 25 പേർ മരിച്ചു. ഗണേഷ് ഥാപ, ഗോവിന്ദ് സിങ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവർ ഡെറാഡൂൺ സ്വദേശികളാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. താലിബാൻ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ നേപ്പാള്‍ സ്വദേശികളായ 14 പേർ കൊല്ലപ്പെട്ടു. കാബൂളിൽ സുരക്ഷാ ഉദ്യോഗസ്ഥരായ ഇവർ സഞ്ചരിച്ച മിനിബസിനു സമീപം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. അഫ്ഗാൻ സ്വദേശികളുൾപ്പെടെ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇതിനു മണിക്കൂറുകൾക്കകം മോട്ടോർബൈക്കിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. വടക്കുകിഴക്കൻ പ്രവിശ്യയായ ബദക്‌ഷനിലെ വ്യാപാരസ്ഥലത്തായിരുന്നു സ്ഫോടനം.

കാബൂളിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. അതേസമയം, ബദക്‌ഷനിലെ വ്യാപാരസ്ഥലത്തുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്റെ എതിരാളികളായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള സംഘടന ഏറ്റെടുത്തു. അടുത്തിടെ, താലിബാനെതിരായ സൈനികാക്രമണം യുഎസ് ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരർ തുടർസ്ഫോടനങ്ങളിലൂടെ തിരിച്ചടിക്കുന്നത്.

NO COMMENTS

LEAVE A REPLY