മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന ‘വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ കോഴ്സ് ആരംഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ (വാഷ്) ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടു. അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസിന്റെ സാന്നിധ്യത്തിൽ പ്രൊക്യുർമെന്റ് ഹെഡ് എൽ അൻവർ ഹുസൈനും വാഷ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ അറുമുഖം കാളിമുത്തുവും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്.
മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനവും സുരക്ഷയും നിരീക്ഷിക്കാനും പരിപാലിക്കാനും ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിനാണ് 200 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. തിയറി, പ്രാക്ടിക്കൽ, പ്ലാന്റ് വിസിറ്റ്, ഓൺ ദി ജോബ് ട്രെയിനിംഗ് എന്നീ ഘടകങ്ങൾ പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും. മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുക, ഭൂഗർഭ ജലത്തിന്റെ ദൗർലഭ്യം കുറയ്ക്കുക, സാനിറ്റേഷനിലും ശുചിത്വത്തിലും ഗുണമേന്മ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ നിറവേറ്റാനായി മലിനജല ശുദ്ധീകരണ യൂണിറ്റുകൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇവിടങ്ങളിൽ ടെക്നീഷ്യന്മാരുടെ അഭാവം പരിഹരിക്കുക എന്ന ലക്ഷ്യം കൂടി ഈ പരിശീലന പരിപാടിക്കുണ്ട്. 12-ാം ക്ലാസ് അല്ലെങ്കിൽ ITI പാസായ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുക. എൻ.എസ്.ക്യു.എഫ് അംഗീകാരമുള്ള കോഴ്‌സാണ്.
സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശീലനത്തിൽ മലപ്പുറം പാണ്ടിക്കാടുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വാഷ് ഇൻസ്റ്റിറ്റ്യൂ ട്ടിന്റെ ധനസഹായത്തോടെ അസാപ് കേരള പരിശീലനം നൽകും. ഇവിടെ വിദ്യാർത്ഥികൾക്ക് പരിശീലനം സൗജന്യമായിരിക്കും.
സാനിറ്റേഷൻ, ശുചിത്വം, സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തൽ, മലിനജല ശുദ്ധീകരണം എന്നിവയെ മുൻനിർത്തിയുള്ള പരിശീലനവും, ധനസഹായവും നൽകുന്ന സംഘടനയാണ് വാഷ് ഇൻസ്റ്റിറ്റ്യൂട്ട്.