വയല്‍ നികത്തലിനെതിരെ നടപടിയെടുക്കുന്നതിന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് പുറമെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അധികാരം നല്‍കുന്നു

233

തിരുവനന്തപുരം: വയല്‍ നികത്തലിനെതിരെ നടപടിയെടുക്കുന്നതിന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് പുറമെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അധികാരം നല്‍കുന്നു. നിലവില്‍ വില്ലേജ് ഓഫീസര്‍ക്കുള്ള അധികാരം കൃഷിഓഫീസര്‍മാര്‍ക്കുകൂടി നല്‍കിയാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നത്. സ്ഥലം നികത്തലിനെതിരെ സ്റ്റോപ്പ് മെമ്മൊയടക്കമുള്ള നടപടി സ്വീകരിക്കാന്‍ കൃഷി ഓഫീസര്‍മാര്‍ക്കും അധികാരമുണ്ടാകും.തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ നിയമഭേദഗതി പരിഗണനയില്‍ വരും. വില്ലേജ് ഓഫീസര്‍മാരില്‍ മാത്രം ഈ അധികാരം നിലനിര്‍ത്തുന്നത് അഴിമതിക്ക് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൃഷി ഓഫീസര്‍മാര്‍ക്കുകൂടി അധികാരം നല്‍കുന്നത്.
പരമാവധി നികത്താവുന്ന ഭൂമി നഗരത്തില്‍ അഞ്ചും ഗ്രാമങ്ങളില്‍ പത്തും സെന്റ് മാത്രമായിരിക്കും. ജില്ലയില്‍ വേറെങ്ങും സ്ഥലമില്ലാത്തവര്‍ക്കേ ഇതിന് അനുമതി നല്‍കൂ. വീട് വെയ്ക്കുന്നതിനാണ് ഇങ്ങനെ അനുമതി നല്‍കുക.
2008 ന് മുമ്ബ് നികത്തിയവ ക്രമപ്പെടുത്താന്‍ ഭേദഗതി ബില്ലില്‍ കര്‍ശന വ്യവസ്ഥകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തിന്റെയും സ്വഭാവം നിര്‍ണയിച്ച്‌ പുതുക്കിയ ഡാറ്റാബാങ്കിന് രൂപം നല്‍കും. നിലവിലുള്ളതിനെക്കുറിച്ച്‌ ധാരാളം പരാതികളുള്ളതിനാലാണിത്. പുതുക്കിയ വിവരശേഖരത്തിന്റെ അടിസ്ഥാനത്തിലേ നിലം നികത്തലിന് നിയമസാധുത ലഭിക്കൂ. നികത്തിയ ഭൂമി ക്രമപ്പെടുത്താന്‍ പുതിയ ഡാറ്റാ ബാങ്ക് വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഇതിന് ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് കരുതുന്നത്. ഇതിനകം നികത്തപ്പെട്ട സ്ഥലങ്ങള്‍ പ്രത്യേക കാര്‍ഷിക മേഖലയാക്കും. നികത്തപ്പെട്ട സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍ പ്രത്യേക കാര്‍ഷിക മേഖലയെന്ന പട്ടികയില്‍ വരും. ഇവിടെ നെല്‍കൃഷി അസാധ്യമാണെങ്കില്‍ മറ്റു വിളകള്‍ കൃഷിചെയ്യണം. നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നത് ഒരു സര്‍വെ നമ്ബറില്‍ ഒന്നുമാത്രമായിരിക്കും. 2008 ന് മുമ്ബ് നികത്തിയ നിലങ്ങള്‍ ന്യായവിലയുടെ 25 ശതമാനം അടച്ചാല്‍ ക്രമപ്പെടുത്തി നല്‍കുമെന്നായിരുന്നു യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം. ഇത് നടപ്പായാല്‍ ഇതിനകം നികത്തപ്പെട്ട പല സ്ഥലങ്ങളും പിന്നീട് കൃഷി ക്കുപയോഗിക്കാനാകാതെ വരുമെന്ന വിമര്‍ശമുയര്‍ന്നു. നിയമത്തിലെ പഴുതുപയോഗിച്ച്‌ സമീപകാലത്ത് നികത്തപ്പെട്ടവയും ക്രമപ്പെടുത്തി എടുക്കാമെന്ന സ്ഥിതിയുംവന്നു.
ഈ സാഹചര്യത്തിലാണ് നെല്‍വയല്‍ സംരക്ഷണ നിയമം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇടതുസര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഇടതുമുന്നണി യോഗം ഇതുസംബന്ധിച്ച നിയമഭേദഗതി ഉടന്‍ കൊണ്ടുവരണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. നിയമഭേദഗതി കൃഷി, നിയമ വകുപ്പുകളുടെ പരിശോധനയ്ക്കുശേഷമാകും നിയമസഭയില്‍ ബില്ലായി വരിക.

NO COMMENTS

LEAVE A REPLY